മറയൂര്‍: മാനസിക വൈകല്യമുണ്ടായിരുന്ന യുവാവ് പാമ്പാറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. ദെണ്ഡുകൊമ്പ് സ്വദേശി മണികണ്ഠനാണ് (46) മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11ഓടെ വീടിന് മുകള്‍ഭാഗത്തെ പാറയില്‍ നിന്ന് വീണ് തലക്കും കാലിനും പരിക്കേറ്റിരുന്നു.
തുടര്‍ന്ന് സഹോദരി കോവില്‍ക്കടവിലെ ആദിവാസികള്‍ക്കായുള്ള ആയുഷ് ആരോഗ്യ കേന്ദ്രത്തിലെത്തിച്ച് ചികിത്സ നല്കി. ക്ലിനിക്കിന് പുറത്തിറങ്ങി തിരികെ വീട്ടിലേക്ക് പോകാന്‍ ഒരുങ്ങുന്നതിനിടെ സമീപത്തെ പാമ്പാറ്റിലേക്ക് ഓടി ചെന്ന് ചാടുകയായിരുന്നു. ഉടന്‍ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ആറ്റില്‍ പരിശോധന നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. രണ്ട് മണിക്കൂറിനുശേഷം വീണ സ്ഥലത്തുനിന്ന് 500 മീറ്റര്‍ മാറി പാറയിടുക്കില്നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ് മോര്‍ട്ടത്തിന് അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മണികണ്ഠന് അവിവാഹിതനാണ്.