മുള്ളൂർക്കര: സ്വാതന്ത്ര്യ സമര സേനാനി മുള്ളൂർക്കര ഗുരുവിഹാർ വീട്ടിൽ വി.കെ. വിജയൻ (95) നിര്യാതനായി. 1944ൽ ബ്രിട്ടീഷുകാർക്കെതിരെ കപ്പൽ സമരത്തിൽ പങ്കെടുത്തതിനെ തുടർന്ന് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. വരവൂർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ടിരുന്ന മുള്ളൂർക്കരയെ ഗ്രാമപഞ്ചായത്ത് ആക്കാൻ എ.സി. അഹമ്മദിനൊപ്പം മുൻകൈയെടുത്ത് പ്രവർത്തിച്ചു. മുള്ളൂർക്കരയിൽ പോസ്റ്റ് ഓഫിസ്, ടെലിഫോൺ എക്സ്ചേഞ്ച്, ബാങ്ക്, മിൽമ സൊസൈറ്റി എന്നിവ ആരംഭിക്കുന്നത്തിലും നിർണായക പങ്കുവഹിച്ചു. എസ്.എൻ.ഡി.പി താലൂക്ക് യൂനിയൻ പ്രസിഡൻറ്, മിൽമ സൊസൈറ്റി പ്രസിഡൻറ്, തിരുവാണിക്കാവ് ക്ഷേത്രം രക്ഷാധികാരി, ഹിന്ദുഐക്യവേദി പഞ്ചായത്ത് പ്രസിഡൻറ്, സീനിയർ സിറ്റിസൺസ് പഞ്ചായത്ത് പ്രസിഡൻറ് എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. ഭാര്യ: വിദ്യാധരി. മക്കൾ: ചാന്ദിനി വിജയൻ (ഷൊർണൂർ), റോഷിനി പീതാംബരൻ (അഹ്മദാബാദ്), മാലിനി സച്ചിദാനന്ദൻ (ചെറുതുരുത്തി). മരുമക്കൾ: വിജയൻ, പീതാംബരൻ, സച്ചിദാനന്ദൻ. സംസ്കാരം ഞായറാഴ്ച രാവിലെ പത്തിന് പുതുശ്ശേരി പുണ്യതീരത്ത്.