അടിമാലി: പൊന്മുടി ജലാശയത്തിൽ കള്ളിമാലി ഭാഗത്ത് കുളിക്കാനിറങ്ങിയ എൻജിനീയറിങ് വിദ്യാർഥി മുങ്ങി മരിച്ചു. കുരുവിളസിറ്റി കയ്യാലക്കൽ പരേതനായ ഡിക്സെൻറയും സ്കൂൾ അധ്യാപിക സുജാതയുടെയും മകൻ അലനാണ് (18) മരിച്ചത്.
മൂന്നാർ എൻജിനീയറിങ് കോളജിൽ ഒന്നാം വർഷ ബിരുദ വിദ്യാർഥിയാണ്. ശനിയാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. സമപ്രായക്കാരായ അഞ്ച് സുഹൃത്തുക്കൾക്കൊപ്പം കള്ളിമാലി വാരിയാനിപ്പടി ഭാഗത്ത് ജലാശയത്തിൽ കുളിക്കാൻ എത്തിയതായിരുന്നു. കരയിൽ എത്തിയപ്പോൾ തന്നെ വെള്ളത്തിലേക്ക് എടുത്തുചാടുകയായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്നവർ പറയുന്നു. വെള്ളത്തിൽ ചാടിയ അലൻ പിന്നീട് പൊങ്ങി വന്നില്ല. സുഹൃത്തുക്കൾ ബഹളം വെച്ചതിനെ തുടർന്ന് സമീപവാസികൾ എത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് അടിമാലി അഗ്നിരക്ഷാ സേന സ്ഥലത്തെത്തി മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. രാജാക്കാട് പൊലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സഹോദരി ആതിര.