തിരുവല്ല: റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ കാറിടിച്ച് വയോധികക്ക് ദാരുണാന്ത്യം. വെസ്റ്റ് ഓതറ മുള്ളിപ്പാറ കോളനിയിൽ പനയ്ക്കശ്ശേരിൽ വീട്ടിൽ നളിനിയാണ് (78) മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് 12.30 ഓടെ കുറ്റൂർ ജങ്ഷനിലായിരുന്നു അപകടം. റോഡ് മുറിച്ചു കടക്കവേ തിരുവല്ല ഭാഗത്തുനിന്ന് എത്തിയ ബൊലേറോ ജീപ്പ് നളിനിയെ ഇടിച്ചു തെറിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ നളിനിയെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അപകടത്തിൽ കാൽനട യാത്രികയായിരുന്ന തലയാർ മംഗലശ്ശേരിൽ വീട്ടിൽ പത്മിനിക്കും (60) നിസ്സാര പരിക്കേറ്റു. നളിനിയുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. അവിവാഹിതയാണ്. ഇടിച്ച വാഹനം കസ്റ്റഡിയിൽ എടുത്തതായി തിരുവല്ല എസ്.ഐ പറഞ്ഞു.