കോതമംഗലം: വൈദ്യുതികാൽ സ്ഥാപിക്കാൻ റോഡരികിൽ എടുത്ത കുഴിയിൽ വീണ വയോധികൻ മരിച്ചു. പുളിന്താനം പുഞ്ചിറക്കുഴിയിൽ മാത്യു കോരയാണ് (94) മരിച്ചത്. കക്കടാശ്ശേരി കാളിയാർ റോഡിൽ പുളിന്താനം ഗവ. യു.പി സ്കൂളിന് സമീപത്തെ കുഴിയിൽ വീണാണ് അപകടം.
ചായക്കടയിൽനിന്ന് ചായ കുടിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കുഴിയിൽ വീഴുകയായിരുന്നു. സ്കൂട്ടർ യാത്രികരായ യുവാക്കളാണ് കുഴിക്ക് മുകളിലായി കാൽ കണ്ട് സമീപവാസികളെ അറിയിച്ചത്. നാട്ടുകാർ ചേർന്ന് കരക്കെടുത്തപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തലകീഴായി കമഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു. മൃതദേഹം മുവാറ്റുപുഴ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: തളിയിച്ചിറയിൽ മറിയാമ്മ. മക്കൾ: വർഗീസ്, പരേതനായ ജോണി, ലീല, പരേതയായ സജി. മരുമക്കൾ: ചിന്നമ്മ, സാറാക്കുട്ടി, ചാക്കോ, റാണി. വെള്ളിയാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം പുളിന്താനം സെൻറ് ജോൺസ് ബസ്ഫാഗെ യാക്കോബായ പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.