അതിരപ്പിള്ളി: വെറ്റിലപ്പാറ പാലത്തിന് സമീപം വിനോദ സഞ്ചാര സംഘത്തിലെ പെൺകുട്ടി പുഴയിൽ മുങ്ങിമരിച്ചു. എറണാകുളം പാലാരിവട്ടം കരിയന്താൻ വീട്ടിൽ വിനു വർഗീസിെൻറ മകൾ ഐറിൻ വർഗീസാണ് (16) മരിച്ചത്. ഞായറാഴ്ച വൈകീട്ട് 4.15ഓടെ സിൽവർ സ്റ്റോം വാട്ടർ പാർക്കിെൻറ എതിർ വശത്ത് വെറ്റിലപ്പാറ പാലത്തിന് താഴെയാണ് അപകടം.
എറണാകുളത്ത് നിന്നെത്തിയ 17 അംഗ വിനോദ സഞ്ചാര സംഘത്തിലെ അംഗമായിരുന്നു. മൂന്ന് കുടുംബങ്ങൾ നാല് കാറുകളിലായാണ് എത്തിയിരുന്നത്. ഏഴാറ്റുമുഖം പ്രകൃതി ഗ്രാമം സന്ദർശിക്കാനെത്തിയതായിരുന്നു ഇവർ. എന്നാൽ, അവിടെ തിരക്കായതിനാൽ വെറ്റിലപ്പാറ പാലത്തിന് താഴെയുള്ള പടവുകൾ ഇറങ്ങി പുഴയിലിറങ്ങുകയായിരുന്നു. ഇതിനിടയിൽ പെട്ടെന്ന് പെൺകുട്ടി കയത്തിൽ താഴ്ന്നു.
സംഘത്തിലെ ആർക്കും നീന്തൽ വശമില്ലായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരും അതിരപ്പിള്ളി പൊലീസും ചേർന്ന് കുട്ടിയെ മുങ്ങിയെടുത്ത് ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാക്കനാട് അസീസി പബ്ലിക് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് ഐറിൻ. കഴിഞ്ഞദിവസം വെറ്റിലപ്പാറ മേഖലയിൽ സംഗീത സംവിധായകനായ ഷിബു ചക്രവർത്തിയുടെ സഹോദരീ ഭർത്താവ് പുഴയിൽ വീണ് മരിച്ചിരുന്നു.