പാറശ്ശാല: വയോധികന് വീട്ടിനുള്ളില്‍ ചിതയൊരുക്കി ആത്മഹത്യ ചെയ്തു. പാറശ്ശാലക്ക് സമീപം നെടുങ്ങോട് കുളവന്‍തറ വീട്ടില്‍ നടരാജന് (70) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. വീട്ടിലെ ഓട് പൊട്ടിത്തെറിച്ച് ശബ്ദം കേട്ടതോടെയാണ് നാട്ടുകാര്‍ വിവരമറിയുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി ഒറ്റക്ക് താമസിച്ചുവരുകയായിരുന്നു നടരാജന്. മുറിക്കുള്ളില്‍ കുഴി നിര്‍മിച്ച് വിറകടുക്കി മണ്ണെണ്ണ ഒഴിച്ച് ശരീരം കട്ടിലുകളില്‍ ബന്ധിച്ചശേഷം തീകൊളുത്തി മരിക്കുകയായിരുന്നു.
വീട്ടിനുള്ളിൽനിന്ന് ഉഗ്രശബ്ദം കേട്ടതോടെ സമീപത്ത് താമസിക്കുന്ന മകനും നാട്ടുകാരും വന്നുനോക്കുമ്പോഴാണ് ചിത കത്തുന്നത് കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ഭാര്യയുമായി പിണങ്ങി അഞ്ചുവര്‍ഷമായി ഒറ്റക്ക് താമസിക്കുകയായിരുന്നു നടരാജന്. കൂലിപ്പണിക്കാരനാണ്. തൊട്ടടുത്ത് താമസിക്കുന്ന മകനുമായി അടുപ്പമുണ്ടായിരുന്നില്ല. ഭാര്യ ലളിത തമിഴ്നാട്ടില്‍ താമസിക്കുന്ന രണ്ടാമത്തെ മകനോടൊപ്പമാണ്. ഫോറന്‍സിക് ഉൾപ്പെടെയുള്ള വിദഗ്ധസംഗം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.