പള്ളുരുത്തി: സി.പി.എം എറണാകുളം ജില്ല കമ്മിറ്റി അംഗം പള്ളുരുത്തി തിരുമംഗലത്ത് വീട്ടിൽ ടി.കെ. വത്സൻ (62) നിര്യാതനായി. കരൾരോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കൃഷ്ണൻ - മാധവി ദമ്പതികളുടെ മകനാണ്. ഭാര്യ: ശോഭ. മക്കൾ: അഡ്വ. അശ്വതി വത്സൻ (18ാം ഡിവിഷൻ എൽ.ഡി.എഫ് സ്ഥാനാർഥി), അമൽരാജ്. മരുമകൻ: വി.എച്ച്. ശ്രീജിത്ത് ദാസ് (ഡി.വൈ.എഫ്.ഐ പള്ളുരുത്തി ബ്ലോക്ക് ട്രഷറർ). അടിയന്തരാവസ്ഥക്കാലത്ത് പള്ളുരുത്തി എസ്.ഡി.പി.വൈ സ്കൂളിൽ വിദ്യാർഥികളെ സംഘടിപ്പിച്ചാണ് പൊതു രംഗത്ത് എത്തിയത്. നീണ്ട 20 വർഷം പള്ളുരുത്തിയിൽ സി.പി.എമ്മിനെ നയിച്ചു. പി.എം.എസ്.സി ബാങ്ക് പ്രസിഡൻറ്, എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) ജില്ല സെക്രട്ടറി, കെ.എസ്.കെ.ടി.യു ജില്ല വൈസ് പ്രസിഡൻറ്, പ്രൈമറി അഗ്രികൾചറൽ സഹകരണസംഘം ജില്ല സെക്രട്ടറി, കേരള കോഓപറേറ്റിവ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.