കുമളി: വനമേഖലയിൽനിന്ന് കൃഷിയിടത്തിലിറങ്ങുന്ന ചെറു ജീവികളെ വേട്ടയാടാൻ നായ്ക്കളുമായി പോയയാളെ വൈദ്യുതാഘാതമേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. സംസ്ഥാന അതിർത്തിയിലെ കമ്പം ചുരുളിയിലാണ് സംഭവം. കരുണാക്കമുത്തൻപെട്ടി സ്വദേശി പരമെൻറ മകൻ ദിനേഷാണ് (16) മരിച്ചത്. ദിനേഷിനൊപ്പം ഉണ്ടായിരുന്ന നാല് നായ്ക്കളെയും സംഭവസ്ഥലത്ത് ചത്തനിലയിൽ കണ്ടെത്തി. പാൽ കച്ചവടക്കാരനായ ദിനേഷ് നായ്ക്കളുമായി രാത്രി വേട്ടക്ക് പോകുന്നതിനിടെ വന്യജീവികളെ തടയാനായി കൃഷിയിടത്തിൽ സ്ഥാപിച്ച വൈദ്യുതിവേലിയിൽ തട്ടിയാണ് അപകടം. മേഘമല വന്യജീവി സങ്കേതത്തിെൻറ അടിവാരമായ ഈ പ്രദേശത്ത് മ്ലാവ്, കേഴ, പന്നി, മുയൽ, കീരി തുടങ്ങി ആനയും കാട്ടുപോത്തും വരെ തീറ്റ തേടി കൃഷിയിടങ്ങളിൽ എത്താറുണ്ട്. ഉത്തമപാളയം ഡിവൈ.എസ്.പി ചിന്നക്കണ്ണിെൻറ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സ്വകാര്യവ്യക്തി കൃഷിയിടത്തിൽ സ്ഥാപിച്ച വൈദ്യുതിവേലിയാണ് അപകടം സൃഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു. ദിനേഷിെൻറ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് തേനി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.