പത്തനംതിട്ട: പത്തനംതിട്ട സ്റ്റേഡിയം ജങ്ഷനിൽ കാർ നിയന്ത്രണം വിട്ടുമറിഞ്ഞ് യുവാവ് മരിച്ചു. നാലുപേർക്ക് പരിക്കേറ്റു. ഓമല്ലൂർ പറയനാലി വല്യവീട്ടിൽ ഷിബിൻ ബാബുവാണ് (26) മരിച്ചത്. പത്തനംതിട്ട ബിസ്മി ഷോറൂം ജീവനക്കാരനാണ്. കാർ ഓടിച്ചിരുന്നത് ഷിബിൻ ആയിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളായ വാര്യാപുരം സ്വദേശികളായ അജിത്ത്്, സന്ദീപ് എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ തകർത്ത വൈദ്യുതി പോസ്റ്റിലെ കമ്പി തുളച്ചുകയറി പിന്നാലെ ബൈക്കിലെത്തിയ രണ്ടുപേർക്ക് കൂടി പരിക്കേറ്റു.
കഴിഞ്ഞ അർധരാത്രിയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റും സമീപത്തെ മരവും തകർത്ത് സ്റ്റേഡിയത്തിലേക്ക് മറിയുകയായിരുന്നു. പോസ്റ്റ് തകർന്നതോടെ പ്രദേശത്തെ വൈദ്യുതിയും നിലച്ചു. വാഹനം നിശ്ശേഷം തകർന്നു. വലിയ ശബ്ദംകേട്ട് സ്റ്റേഡിയത്തിലെ സുരക്ഷാ ജീവനക്കാരനും സമീപത്ത് പോസ്റ്റർ ഒട്ടിച്ചു നിന്നവരുമാണ് അപകടം ആദ്യം അറിയുന്നത്.
അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ കാറിെൻറ ചില്ല് പൊട്ടിച്ച് അകത്തുണ്ടായിരുന്നവരെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചു. അപകടത്തിനിടെ പൊട്ടിവീണ വൈദ്യുതി കമ്പി ശരീരത്തിൽ തുളച്ചു കയറിയാണ് ഇതുവഴി ബൈക്കിൽവന്ന രണ്ടുപേർക്ക് പരിക്കേറ്റത്. കാറിെൻറ പിന്നാലെ വരുകയായിരുന്നു ഇരുചക്ര വാഹന യാത്രികർ. ഷിബിന് ഭാര്യയും മൂന്നര വയസ്സുള്ള കുട്ടിയുമുണ്ട്.