തേഞ്ഞിപ്പലം: മൂന്നിയൂർ വെളിമുക്കില്‍ ദേശീയപാതയിലെ കുഴിയിൽപെട്ട് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. ചേലേമ്പ്ര കൊളക്കാട്ടുചാലി സ്വദേശി കുറ്റിക്കാട്ടില്‍ കെ.സി. അബ്ദുല്‍ ബഷീറാണ് (45) മരിച്ചത്. ചെമ്മാേട്ടക്കുപോയി തിരിച്ചുവരവെ ശനിയാഴ്ച രാത്രി ഒമ്പതോടെയാണ് അപകടം. പൈപ്പിടാനായി വെട്ടിപ്പൊളിച്ച റോഡിലെ കുഴിയില്‍ പതിച്ച് നിയന്ത്രണംവിട്ട ഓട്ടോയിൽനിന്ന് തെറിച്ച് വീണ ബഷീറിെൻറ മുകളിലേക്ക് ഓട്ടോ മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ നാട്ടുകാർ ആദ്യം ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു. പരേതനായ ചക്കുകുളങ്ങര പുളിയാളി അബ്ദുല്ല മുസ്ലിയാരുടെ മകൾ ഹബീബയാണ് ഭാര്യ. പിതാവ്: പരേതനായ കുഴിക്കാട്ടുചോലക്കൽ അഹമ്മദ് കുട്ടി. മാതാവ്: പരേതയായ ഹവ്വാഉമ്മ. മക്കള്‍: ദില്‍ഷാദ് (വിദ്യാർഥി, മൻഹജു റഷാദ് ഇസ്ലാമിക് കോളജ് ചേലേമ്പ്ര), സാദിയ തസ്നി, ഫഹ്മിയ.