വടക്കാഞ്ചേരി: സംസ്ഥാനപാതയിലെ വാഴക്കോട് കാറും ഓട്ടോയും കൂട്ടിയിടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം. മകനും ഓട്ടോ ഡ്രൈവർക്കും പരിക്കേറ്റു. ഓട്ടോ യാത്രക്കാരി മുള്ളൂർക്കര കാഞ്ഞിരശ്ശേരി ചക്കനാംപറമ്പിൽ സന്ധ്യയാണ് (37) മരിച്ചത്. ഇവർ കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞ ഓട്ടോയുടെ അടിയിൽപെടുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ മരിച്ചു. ചൊവ്വാഴ്ച പകൽ 3.30നാണ് അപകടം. ഓട്ടോ ഡ്രൈവർ സുബ്രഹ്മണ്യൻ (55), മരിച്ച സന്ധ്യയുടെ മക്കളായ നിവേദ്, നിദേവ് എന്നിവരെ പരിക്കുകളോടെ വടക്കാഞ്ചേരി ആക്ട്സ് പ്രവർത്തകർ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. വടക്കാഞ്ചേരി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.