കയ്പമംഗലം: ദേശീയപാത 66 കയ്പമംഗലം 12ൽ ടാങ്കർ ലോറിയും കാറും ഇടിച്ച് ഒരാൾ മരിച്ചു. കാറിലുണ്ടായിരുന്ന തിരുവനന്തപുരം മരിയാപുരം സ്വദേശി രാജാമണിയാണ് (55) മരിച്ചത്. കാറിലുണ്ടായിരുന്ന പാറശ്ശാല സ്വദേശി ചന്ദ്രദാസിനെ (50) പരിക്കുകളോടെ തൃശൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ ഏഴരയോടെയായിരുന്നു അപകടം. തൃശൂർ ജില്ലയിൽ കട നടത്തുന്ന ഇരുവരും നാട്ടിൽ വോട്ട് ചെയ്ത് തിരിച്ചുവരുന്നതിനിടെയാണ് അപകടം. തിരൂരിൽനിന്ന് കൊച്ചിയിലേക്ക് പോയ ടാങ്കർ ലോറിയിൽ എതിരെവന്ന കാർ ഇടിച്ച് കയറുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കാർ വെട്ടിപ്പൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്. ഇരുവരും ചാവക്കാട്ടും കേച്ചേരിയിലും ക്രാസി വർക്ക് കട നടത്തിവരുകയാണ്. ഗുരുതര പരിക്കേറ്റ ചന്ദ്രദാസിനെ തൃശൂർ അശ്വിനി ആശുപത്രിയിലേക്ക് മാറ്റി. കാറിെൻറ മുൻവശം പൂർണമായും തകർന്നു.