വിഴിഞ്ഞം: സൈക്കിളിൽനിന്ന് തെറിച്ചുവീണ ബാലന് കെ.എസ്.ആർ.ടി.സി ബസിെൻറ പിൻചക്രം കയറി ദാരുണാന്ത്യം. കരുംകുളം പുതിയതുറ ആറ്റുലൈൻ പുരയിടത്തിൽ ആൻഡ്രൂസ്-ശാലിനി ദമ്പതികളുടെ മകൻ കിരൺ എസ്. ആൻഡ്രൂസ് (12) ആണ് മരിച്ചത്.
ബുധനാഴ്ച വൈകീട്ട് 4.30ഓടെ പുതിയതുറക്ക് സമീപം കിരണിെൻറ വീടിനടുത്താണ് അപകടം നടന്നത്. വിഴിഞ്ഞത്തുനിന്ന് പൂവാറിലേക്ക് പോകുകയായിരുന്ന ബസ് സൈക്കിളിൽ തട്ടിയാണ് അപകടം. സ്ഥാനാർഥികളുടെ വിജയാഘോഷ വാഹന റാലിക്കിടെ സൈക്കിളിന് സൈഡില്ലാതെ വന്നതാണ് അപകടത്തിന് കാരണമായത്. സൈക്കിൾ ബസിൽ തട്ടിയതോടെ തെറിച്ചുവീണ ബാലെൻറ തലയിലൂടെ ബസിെൻറ പിൻചക്രം കയറിറങ്ങി.
കാഞ്ഞിരംകുളം പൊലീസ് സ്ഥലത്തെത്തിയാണ് കുട്ടിയുടെ മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റിയത്. സംഭവുമായി ബന്ധപ്പെട്ട് നാട്ടുകാർ പ്രതിഷേധവുമായെത്തിയത് അൽപനേരം ഗതാഗതം തടസ്സപ്പെട്ടു.
തുടർന്ന് പൊലീസ് ഇടപെട്ടാണ് പ്രതിഷേധക്കാരെ അനുനയിപ്പിച്ചത്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹം വൈകീട്ട് 5.30ന് പുതിയതുറ സെൻറ് നിക്കോളസ് ദേവാലയ സെമിത്തേരിയിൽ അടക്കം ചെയ്തു. കാഞ്ഞിരംകുളം പൊലീസ് കേസെടുത്തു. കാവ്യ എസ്. ആൻഡ്രൂസ് ഏക സഹോദരിയാണ്.