ചെറുതോണി: റോഡിൽ മുന്നറിയിപ്പുസംവിധാനം ഇല്ലാതെ സ്ഥാപിച്ച ടാർ വീപ്പയിൽ രാത്രിയിൽ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. ഫോട്ടോഗ്രാഫറും മരിയാപുരം സെൻറ് മേരീസ് പള്ളിയിലെ കാര്യസ്ഥനുമായ തുണ്ടത്തിപ്പാറയിൽ ഡയസ് ജോസാണ് (39) മരിച്ചത്. കട്ടപ്പന സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച ൈവകീട്ട് ഏഴിന് ഇടുക്കി-തങ്കമണി റോഡിൽ മരിയാപുരത്തിന് സമീപത്തായിരുന്നു അപകടം. ഇടുക്കി ടൗണിൽനിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു.കഴിഞ്ഞ വർഷം നിർമാണം പൂർത്തീകരിച്ച റോഡിെൻറ ഒരുഭാഗം ഇടിഞ്ഞതിനാൽ ഇവിടെ നിരത്തിവെച്ചിരുന്ന ടാർ വീപ്പയിൽ ബൈക്കിടിച്ച് ഡയസ് തെറിച്ചുവീഴുകയായിരുന്നു. ഹെൽമറ്റ് തെറിച്ചുപോയതിനാൽ തല റോഡിൽ ഇടിച്ച് ഗുരുതര ക്ഷതമേറ്റു. നാട്ടുകാർ ഉടൻ തങ്കമണി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സക്ക് കട്ടപ്പനയിലേക്ക് മാറ്റി.
മുന്നറിയിപ്പുസംവിധാനം ഇല്ലാതെ ടാർ വീപ്പ നിരത്തിവെച്ചതാണ് അപകടത്തിന് കാരണമായത്. പിന്നീട് നാട്ടുകാർ ടാർ വീപ്പ മഞ്ഞ പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞതിനുശേഷം ചുവപ്പുകൊടി സ്ഥാപിച്ചു. ഡയസിെൻറ ഭാര്യ പ്രസവിച്ചിട്ട് 14 ദിവസം ആയിട്ടുള്ളൂ.
ഭാര്യ: ആയവന തൊഴുത്തുങ്കൽ കുടുംബാംഗം അഞ്ജലി. സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന് മരിയാപുരം സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.