കിളിമാനൂർ: കിളിമാനൂർ കൊട്ടാരത്തിലെ ഉതൃട്ടാതി തിരുനാൾ ആർ. കേരളവർമ വലിയകോയിത്തമ്പുരാൻ (104) ബംഗളൂരുവിൽ റിച്ച്മണ്ട് റോഡിലെ വസതിയിൽ നിര്യാതനായി. സംസ്കൃതപണ്ഡിതനായ പുല്യാട് മനക്കൽ വാസുദേവൻ നമ്പൂതിരിപ്പാടിെൻറയും കിളിമാനൂർ കൊട്ടാരത്തിലെ മകയിരം തിരുനാൾ ചെറൂട്ടി തമ്പുരാട്ടിയുടെയും മകനാണ്. തിരുവനന്തപുരത്ത് ഹൈസ്കൂൾ പഠനവും മഹാരാജാസ് കോളജിൽ (യൂനിവേഴ്സിറ്റി കോളജ്) നിന്ന് ബിരുദവും നേടി. പ്രശസ്ത ചിത്രകാരനായ രാജാരവിവർമയുടെ പിന്മുറക്കാരനായ ഇദ്ദേഹം ചിത്രകല, സംഗീതം എന്നിവയിൽ പ്രാവീണ്യം നേടിയിട്ടുണ്ട്. ബംഗളൂരുവിലെ സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. തിരുവിതാംകൂർ റീജൻറ് മഹാറാണി സേതുലക്ഷ്മിബായി തമ്പുരാട്ടിയുടെ മകൾ പരേതയായ ഉത്രം തിരുനാൾ ലളിതാംബികയാണ് ഭാര്യ. മക്കൾ: രുഗ്മിണിവർമ (ചിത്രകാരി), ഉമാവർമ, ലക്ഷ്മിവർമ, അംബിക വർമ, ബാലഗോപാലവർമ, ദേവികവർമ, പരേതയായ പാർവതീ വർമ. മരുമക്കൾ: ഗോദവർമ, ആർ.ടി. രവിവർമ, ഡോ.കെ.എം. കേരളവർമ, വിദ്യാവർമ, രാധാകൃഷ്ണവർമ, പരേതരായ ദേവീ പ്രസാദ് വർമ, രഘുനന്ദന വർമ.