എരുമപ്പെട്ടി: കാണാതായ യുവാവിനെ പാറമടയിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചിറ്റണ്ട തൃക്കണപതിയാരം അരിമണ്ണിൽ വീട്ടിൽ സുരേഷ്-വിജയ ദമ്പതികളുടെ മകൻ ആരോമലാണ് (23) മരിച്ചത്. ഡിസംബർ 23ന് ഉച്ചയോടെയാണ് ആരോമൽ വീട്ടിൽനിന്ന് പോയത്. തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ വടക്കാഞ്ചേരി പൊലീസിൽ പരാതി നൽകിയിരുന്നു. മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ അവസാന ലൊക്കേഷൻ എരുമപ്പെട്ടിയിലാണെന്ന് കണ്ടെത്തിയിരുന്നു. എരുമപ്പെട്ടിയിലെ സുഹൃത്തുക്കളിൽനിന്ന് ലഭിച്ച വിവരമനുസരിച്ച് ആരോമൽ പാറമടയിൽ പോയിരുന്നതായി അറിഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വ്യാഴാഴ്ച ഉച്ചയോടെ പാറമടയിലെ വെള്ളത്തിൽ മൃതദേഹം പൊങ്ങിക്കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. കുന്നംകുളം ഫയർ ഫോഴ്സാണ് മൃതദേഹം പുറത്തെടുത്തത്. സ്റ്റേഷൻ ഓഫിസർ വൈശാഖ്, സീനിയർ ഫയർ ഓഫിസർമാരായ ബെന്നി, രവീന്ദ്രൻ, ഫയർ ഓഫിസർമാരായ അഭിലാഷ്, ശരത്ത്, ഷിജുകുട്ടൻ, ഷിജു, നിഖിൽ എന്നിവർ നേതൃത്വം നൽകി. വടക്കാഞ്ചേരി പൊലീസ് ഇൻസ്പെക്ടർ കെ. മാധവൻകുട്ടി, എസ്.ഐ വി.ബി. സിബീഷ്, എരുമപ്പെട്ടി എസ്.ഐ അബ്ദുൽ ഹക്കീം, എ.എസ്.ഐ സലീം എന്നിവരുടെ നേതൃത്വത്തിൽ മേൽനടപടികൾ സ്വീകരിച്ച് പോസ്റ്റ് േമാർട്ടത്തിനായി മുളംകുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ആരോമലിെൻറ സഹോദരൻ: സമ്പത്ത്.