വണ്ടൂർ: വാണിയമ്പലത്തെ പ്രമുഖ തടി-മിൽ വ്യവസായിയും ജില്ല കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയും നിയുക്ത പഞ്ചായത്ത് അംഗവുമായിരുന്ന സി.കെ. മുബാറക്ക് (61) നിര്യാതനായി. തദ്ദേശ തെരഞ്ഞെടുപ്പിൽ പഞ്ചായത്തിലെ മൊടപ്പിലാശ്ശേരി വാർഡിൽ നിന്നാണ് മത്സരിച്ച് വിജയിച്ചത്. വോട്ടെടുപ്പ് കഴിഞ്ഞ് തൊട്ടടുത്ത ദിവസം കോവിഡ് ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതുകാരണം ആംബുബൻസിൽ എത്തിച്ചാണ് സത്യപ്രതിജ്ഞ ചെയ്യിപ്പിച്ചത്. പ്രവാസികളെ സംഘടിപ്പിച്ച് സഹ്യ ആർട്സ് ആൻഡ് സയൻസ് കോളജ് എന്ന സ്വാശ്രയ സ്ഥാപനം യാഥാർഥ്യമായത് സി.കെയുടെ പ്രയത്നം കൊണ്ടാണ്. കോളജിെൻറ പ്രസിഡൻറായി സേവനം അനുഷ്ഠിക്കുകയായിരുന്നു.
നിലമ്പൂർ കോഓപറേറ്റിവ് അർബൻ ബാങ്ക് ഡയറക്ടർ, വാണിയമ്പലം പാലിയേറ്റിവ് കെയർ സൊസൈറ്റി രക്ഷാധികാരി, ഷുഹൈബ് ചാരിറ്റബിൾ സൊസൈറ്റി ചെയർമാൻ, വാണിയമ്പലം ആസാദ് സ്പോട്സ് ക്ലബ് പ്രസിഡൻറ് എന്നീ നിലകളിലും പ്രവർത്തിച്ചു. സോമിൽ അസോസിയേഷെൻറ സംസ്ഥാന കമ്മിറ്റി അംഗവുമാണ്. റൂറൽ സഹകരണ ബാങ്ക് സ്ഥാപിച്ചതും വനിത സഹകരണ സംഘം സ്ഥാപിച്ചതും ഇദ്ദേഹം മുൻകൈ എടുത്താണ്. കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്തിയ ഖബറടക്ക ചടങ്ങുകൾ നടത്തി. ഭാര്യ: അനീസ. മക്കൾ: ഡോ. ജിനു (കെ.എം.സി.ടി മുക്കം), മനു, മീനു. മരുമക്കൾ: ഷേബ, ഫരീഹ, അദീബ് ജലീൽ (ദുബൈ).