മാവേലിക്കര: ചെട്ടികുളങ്ങരയില്‍ ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വയോധികൻ മരിച്ചു. ചെട്ടികുളങ്ങര കൈതതെക്ക് മങ്ങാട്ടേത്ത് ശങ്കരന്‍കുട്ടി നായരാണ് (71) മരിച്ചത്. കൂടെയുണ്ടായിരുന്ന ചെട്ടികുളങ്ങര കൈതവടക്ക് സ്വദേശി മോഹന്‍ദാസ് (65) ഗുരുതരാവസ്ഥയില്‍ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ശനിയാഴ്ച രാത്രി 10ഓടെയായിരുന്നു അപകടം. ചെട്ടികുളങ്ങര ക്ഷേത്രത്തിലെത്തിയ ശേഷം തിരികെ വീട്ടിലേക്ക് പോകുന്ന വഴി ചെട്ടികുളങ്ങര ചന്തക്ക് സമീപം ഇവര്‍ സഞ്ചരിച്ച സ്കൂട്ടറില്‍ എതിരെ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ ഉടന്‍ തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രിയിലും തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചെങ്കിലും ശങ്കരന്കുട്ടിനായരെ രക്ഷിക്കാനായില്ല. മരണവാര്‍ത്ത അറിഞ്ഞ് ആശുപത്രിയിലേക്ക് തിരിച്ച കടവൂര്‍ പ്രഭാനിവാസില്‍ പ്രഭാകരന് നായര്‍ക്ക് (70) ഞായറാഴ്ച രാവിലെ ഏഴുമണിയോടെ ചെട്ടികുളങ്ങര വരിക്കോലില്‍ മുക്കില്‍വെച്ച് ഓട്ടോ ഇടിച്ച് പരിക്കേറ്റു. ഇദ്ദേഹം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വിജയലക്ഷ്മിയാണ് ശങ്കരൻകുട്ടി നായരുടെ ഭാര്യ. മക്കള്‍: വിജയശങ്കര്‍, ജയശങ്കര്‍. മരുമക്കള്‍: ശ്രീലക്ഷ്മി, ഗ്രീഷ്മ. സംസ്കാരം പിന്നീട്.