കട്ടപ്പന: ഡ്യൂട്ടിക്കിടെ കാണാതായ വനംവകുപ്പ് താൽക്കാലിക ജീവനക്കാരെൻറ രണ്ടുദിവസം പഴക്കമുള്ള മൃതദേഹം ഇടുക്കി ജലാശയത്തിൽ കണ്ടെത്തി. ഉപ്പുതറ കിഴുകനം കണ്ണംപടി വനമേഖലയിലെ താൽക്കാലിക വാച്ചർ പാമ്പാടുംപാറ കുമരകംമെട്ട് കൊല്ലപ്പള്ളിൽ അനിൽകുമാറിെൻറ (45) മൃതദേഹമാണ് തിങ്കളാഴ്ച രാവിലെ എേട്ടാടെ ഇടുക്കി ജലാശയത്തിെൻറ ഭാഗമായ കെട്ടുചിറ ഭാഗത്ത് കണ്ടെത്തിയത്. നാലുവർഷമായി ഇടുക്കി വന്യജീവി സങ്കേതത്തിലെ കിഴുകാനം ഫോറസ്റ്റ് സ്റ്റേഷനിലെ താൽക്കാലിക വാച്ചറായിരുന്നു. ഭാര്യ വിജി പാമ്പാടുംപാറ പഞ്ചായത്തിലെ ഏഴാം വാർഡ് അംഗമാണ്.
സത്യപ്രതിജ്ഞയിൽ പങ്കെടുത്ത ശേഷം നാലു ദിവസം മുമ്പാണ് കിഴുകാനത്ത് ജോലിക്ക് തിരികെ എത്തിയത്. ശനിയാഴ്ച രാവിലെ വനമേഖലയിൽ പട്രോളിങ് ഡ്യൂട്ടിക്ക് വള്ളത്തിൽ പോയ അനിൽ കുമാർ തിരിച്ചെത്തിയില്ല. ശനിയാഴ്ച ഉച്ചക്കുശേഷം വീട്ടിലേക്ക് ഫോൺ ചെയ്തിരുന്നു. പിന്നീട് ഫോൺ പ്രവർത്തനരഹിതമായി. അന്വേഷണം നടത്തുന്നതിനിടെ തിങ്കളാഴ്ച രാവിലെ വനം വകുപ്പ് ഉദ്യോഗസ്ഥരാണ് ഇടുക്കി ജലാശയത്തിൽ പൊങ്ങിക്കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. സാധാരണ വള്ളത്തിലാണ് ജലാശയത്തോട് ചേർന്ന വനമേഖലയിൽ നിരീക്ഷണം നടത്തുന്നത്. വനം വകുപ്പ് ഉപയോഗിക്കുന്ന ഫൈബർ വള്ളം ഓളത്തിൽപെട്ട് മറിഞ്ഞ് അപകടത്തിൽപെട്ടതാണോ എന്നാണ് സംശയിക്കുന്നത്. മൃതദേഹം ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് കോവിഡ് പരിശോധനയും പോസ്റ്റ്മോർട്ടവും നടത്തി വീട്ടുവളപ്പിൽ സംസ്കരിച്ചു. ഉപ്പുതറ പൊലീസ് മേൽനടപടി സ്വീകരിച്ചു. മക്കൾ: അഭിജിത്, അജിത്.