കട്ടപ്പന: ദേശീയപാതയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. നെല്ലിപ്പാറ, മൂക്കനോലിൽ മാത്യു മൈക്കിളാണ് (ടോമി -53) മരിച്ചത്. വാഴവര നിർമലസിറ്റിക്ക് സമീപം അടിമാലി-കുമളി ദേശീയപാതയിൽ തിങ്കളാഴ്ച രാവിലെ പത്തോടെയാണ് അപകടം. രാവിലെ കട്ടപ്പനയിൽനിന്ന് നെല്ലിപ്പാറക്ക് പോകുകയായിരുന്ന ടോമി സഞ്ചരിച്ചിരുന്ന ബൈക്ക് എതിരെവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെതുടർന്ന് റോഡിൽ ഏറെനേരം ഗതാഗതക്കുരുക്കുണ്ടായി. പൊലീസ് സ്ഥലത്തെത്തിയ ശേഷമാണ് മൃതദേഹം കട്ടപ്പന താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്. കോവിഡ് പരിശോധനക്കും പോസ്റ്റ്മോർട്ടം നടപടികൾക്കുംശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ഭാര്യ: മേഴ്സി. മക്കൾ: തോബിയാസ്, മൈക്കിൾ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് നെല്ലിപ്പാറ സെൻറ് സേവ്യേഴ്സ് പള്ളി സെമിത്തേരിയിൽ നടക്കും.