ദുരൂഹതയെന്ന് ബന്ധുക്കൾ
തൃശൂർ: തൃശൂരിൽ കുടുംബനാഥനെ ഫ്ലാറ്റിൽനിന്ന് വീണ് മരിച്ചനിലയിൽ കണ്ടെത്തി. ചെമ്പൂക്കാവ് ചെഞ്ചേരി അപ്പാർട്ട്മെൻറിൽ താമസിച്ചിരുന്ന രാമനാട്ട് വീട്ടിൽ ആർ.എം. മുത്തുവാണ് (56) മരിച്ചത്. രാവിലെ ഫ്ലാറ്റിന് താഴെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഭാര്യയുടെ നിലവിളികേട്ടെത്തിയ സമീപവാസികളാണ് മൃതദേഹം കണ്ടെത്തിയത്. ബോധരഹിതയായ ഭാര്യ ഷമീമയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരണത്തിൽ ദുരൂഹതയുണ്ടെന്നും സംശയമുണ്ടെന്നും ആരോപിച്ച് മുത്തുവിെൻറ ബന്ധുക്കൾ ഈസ്റ്റ് പൊലീസിന് നൽകിയ പരാതിയെ തുടർന്ന് കേസെടുത്തു. പുലർച്ച നമസ്കരിക്കാനായി രണ്ടാം നിലയിലേക്ക് പോവാറുണ്ടെന്നും കാൽവഴുതി വീണതായേക്കുമെന്നുമാണ് ഭാര്യ മൊഴിനൽകിയതെന്ന് പൊലീസ് പറഞ്ഞു. വിദേശത്ത് ഫിഷറീസ് ഡിപ്പാർട്ട്മെൻറിലായിരുന്ന മുത്തു. വർഷങ്ങളായി നാട്ടിലെത്തിയിട്ട്. ഒരു മകളുണ്ടെങ്കിലും ഇവരോടൊപ്പമില്ല. ഇവർ രണ്ടുപേരും മാത്രമായിരുന്നു താമസിച്ചിരുന്നത്. സാമ്പത്തികപ്രയാസങ്ങൾ അനുഭവിച്ചിരുന്നതായും പറയുന്നു. മുളങ്കുന്നത്തുകാവിൽ ഇവരുടെ വീടുനിർമാണം നടക്കുന്നതിനാലാണ് ചെമ്പൂക്കാവിലെ അപ്പാർട്ട്െമൻറിൽ വാടകക്ക് താമസിച്ചിരുന്നത്. ബന്ധുക്കളുടെ പരാതിയിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.