ഭുവനേശ്വർ: വിഖ്യാത ഒഡിയ സംഗീതജ്ഞൻ ശന്തനു മൊഹാപത്ര (84) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങൾ അലട്ടിയിരുന്ന അദ്ദേഹത്തിന് ന്യുമോണിയയെ തുടർന്ന് ചൊവ്വാഴ്ച രാത്രിയോടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഹിന്ദി ഗാനരംഗത്തും കൈവെച്ച മൊഹാപത്രയുടെ സംഗീത സംവിധാനത്തിൽ ലത മങ്കേഷ്കർ, മുഹമ്മദ് റഫി, മന്നാ ഡെ, ഉഷ മങ്കേഷ്കർ, അനുരാധ പൗഡ്വാൾ, ഉഷ ഉതുപ്പ്, കവിത കൃഷ്ണമൂർത്തി തുടങ്ങിയ നിരവധി പ്രതിഭകൾ പാടിയിട്ടുണ്ട്. 1936ൽ മയൂർഭഞ്ച് ജില്ലയിൽ ജനിച്ച മൊഹാപത്ര ഐ.ഐ.ടി ഖൊരക്പൂരിൽനിന്നാണ് ഉന്നത വിദ്യാഭ്യാസം നേടിയത്. 53 ഫീച്ചർ, ടെലി ഫിലിമുകളിലായി 1900ത്തിലേറെ ഗാനങ്ങൾ രചിച്ചിട്ടുണ്ട്. നിരവധി ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി.