പുനലൂർ: പുതുവത്സരാഘോഷത്തിനിടെ ബാറിൽ വാക്കേറ്റത്തെ തുടർന്നുണ്ടായ കത്തിക്കുത്തിൽ യുവാവ് മരിച്ചു. നരിക്കൽ ബഥേൽ കിഴക്കേതിൽ ബിജുവാണ് (47) മരിച്ചത്.സംഭവുമായി ബന്ധപ്പെട്ട് പുനലൂർ ശാസ്താംകോണം ശ്രീനുവിലാസത്തിൽ ബിനുകുമാറിനെ (50) പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി പത്തോടെ താലൂക്ക് ആശുപത്രിക്ക് സമീപമായിരുന്നു സംഭവം. ബാറിൽ മദ്യപിക്കാനെത്തിയ ഇരുവരും തമ്മിൽ വാക്കേറ്റവും അടിപിടിയുമുണ്ടായി.പുറത്തേക്കിറങ്ങിയ ഇരുവരും തമ്മിൽ വീണ്ടും പ്രശ്നം ഉണ്ടാകുകയും ബിജുവിനെ ബിനുകുമാർ കത്തികൊണ്ട് കുത്തിയെന്നുമാണ് പൊലീസ് പറയുന്നത്.കഴുത്തിനും നെറ്റിക്കും കുത്തേറ്റ ബിജുവിനെ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: പുഷ്പകുമാരി. മകൻ: ശ്രീനു.