തൃശൂര്‍: ദേവമാത പ്രവിശ്യാംഗമായ ഫാ. സെബാസ്റ്റ്യന്‍ അമ്പൂക്കന് സി.എം.ഐ (81) നിര്യാതനായി. ഇരിങ്ങാലക്കുട രൂപതയില്‍ ഈസ്റ്റ് പുത്തന്‍ചിറ ഇടവക അമ്പൂക്കന് പരേതരായ കുഞ്ഞുവറീത്-മാതിരി ദമ്പതികളുടെ മകനാണ്. ബംഗളൂരു ധർമാരാം കോളജില്‍നിന്ന് തത്ത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ചശേഷം 1967ല്‍ വൈദികപട്ടം സ്വീകരിച്ചു. അജപാലന ദൈവശാസ്ത്രത്തില്‍ റോമില്‍നിന്ന് ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. വരന്തരപ്പിള്ളി, അഴീക്കോട് മാര്‍ തോമ, ഗലീലി ചിയ്യാരം, കെസ് മണ്ണുത്തി, റാഞ്ചി-ബിഹാര്‍ എന്നിവിടങ്ങളില്‍ സുപ്പീരിയറായും വിവിധ സ്ഥാപനങ്ങളില്‍ വികാരിയായും അഡ്മിനിസ്ട്രേറ്ററായും പ്രിന്‍സിപ്പലായും ബര്‍സാറായും റെക്ടറായും സേവനം ചെയ്തു. 1988-1993ല്‍ കാലിക്കറ്റ് യൂനിവേഴ്സിറ്റി സെനറ്റ് അംഗമായിരുന്നു. സഹോദരങ്ങള്‍: സിസ്റ്റര്‍ ജെറാഡ് അമ്പൂക്കന്, ചെറിയാന്, തോമസ്, ഫ്രാന്‍സീസ്, പാവുണ്ണി, അന്നം, ചേറു, ജോസഫ്, ലില്ലി, സണ്ണി.