മറയൂര്‍: ആദിവാസി യുവാവ് പാളപ്പെട്ടി സ്വദേശി കാര്‍ത്തിക് (18) വീടിന് സമീപം മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സുഹൃത്തുക്കൾക്ക് വിഡിയോ സന്ദേശം അയച്ചതിന് ശേഷമാണ് ജീവനൊടുക്കിയത്. മാസങ്ങള്‍ക്ക് മുമ്പ് വരെ ചിന്നാര്‍ വന്യജീവി സങ്കേതത്തിലെ പാളപ്പെട്ടി ഭാഗത്ത് ചന്ദന സംരക്ഷണത്തിനായി താല്‍ക്കാലിക വാച്ചറായി ജോലി ചെയ്തിരുന്നു. ഇതിനിടെ, ചന്ദന മോഷണവുമായി ബന്ധപ്പെട്ട് വനപാലകര്‍ കാര്‍ത്തിക്കിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയിരുന്നു. ജാമ്യത്തിലിറങ്ങിയ കാര്‍ത്തിക് കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇതിനിടയിലാണ് ചന്ദനമോഷണവുമായി ബന്ധപ്പെട്ട് ചന്ദ്രിക എന്ന ആദിവാസി യുവതി കൊല്ലപ്പെട്ടത്. ഒരാഴ്ച മുമ്പ് പാളപെട്ടി മേഖലയില്‍നിന്ന് മോഷണം പോയ ചന്ദനം വനപാലകർ തമിഴ്നാട് അതിര്‍ത്തിയില്‍നിന്ന് കണ്ടെടുത്തിരുന്നു. പ്രതികളെ ആരെയും പിടികൂടാന്‍ കഴിഞ്ഞില്ല. ഈ ചന്ദന മോഷണവുമായി ബന്ധപ്പെട്ട് കാര്‍ത്തിക്കിനെതിരെയും വനംവകുപ്പ് അന്വേഷണത്തിന് ഒരുങ്ങിയതായും സൂചനയുണ്ട്. പിതാവ് കുട്ടന്. മാതാവ് ഇന്ദിര, സഹോദരന്: അഭിഷേക്, മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മറയൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.