വിഴിഞ്ഞം: ശക്തമായ കടൽ തിരയിൽപെട്ട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. പൂവാർ സൂനാമി കോളനിയിൽ കടയ്ക്കരവിളാകംവീട്ടിൽ വർഗീസ് (58) ആണ് മരിച്ചത്. കഴിഞ്ഞദിവസം പുലർച്ചയായിരുന്നു അപകടം. വള്ളം തീരത്തോട് അടുക്കുന്നതിനിടെ ശക്തമായ തിരയിൽപെട്ട് മറിഞ്ഞ വള്ളം തകർന്നു. തകർന്ന വള്ളത്തിനടിയിൽപെട്ടുപോയ വർഗീസിനെ കൂടെയുണ്ടായിരുന്നവർ ഉടൻ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വള്ളത്തിലുണ്ടായിരുന്ന പൂവാർ സ്വദേശികളായ ആൻറണി, മാർട്ടിൻ, പനിയടിമ, അനിൽകുമാർ എന്നിവർക്കാണ് പരിക്കേറ്റത്.