ചേർത്തല: ഡ്രൈവറായ ഗൃഹനാഥൻ കടബാധ്യതമൂലം ജീവനൊടുക്കി. കടക്കരപ്പള്ളി പഞ്ചായത്ത് ഒമ്പതാം വാർഡ് ചില്ലത്ത് വീട്ടിൽ വിജയകുമാറാണ് (57) മരിച്ചത്. നാലുവർഷമായി ഭാര്യ ഉഷയും മക്കളുമൊത്ത് അരൂക്കുറ്റിയിലെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. വർഷങ്ങളായി വൻകട ബാധ്യതയിലായിരുന്ന വിജയൻ ജപ്തി നടപടികളും നേരിട്ടിരുന്നു. ഭാഗം ചെയ്ത് കിട്ടിയ കുടുംബസ്വത്ത് വിറ്റ് കിട്ടിയ പണംകൊണ്ട് കുറെ ബാധ്യതകൾ തീർത്തിരുന്നു. ഇതിനിടെ, മകളുടെ പഠനവുമായി ബന്ധപ്പെട്ട് 50,000 രൂപ ആവശ്യമായി വന്നിരുന്നു. പലയിടത്തും പണം അന്വേഷിക്കുന്നതിനിടെ കടക്കരപ്പള്ളിയിെല വീട്ടിൽ തിങ്കളാഴ്ച വൈകീട്ടോടെ എത്തുകയും ചൊവ്വാഴ്ച പുലർച്ച ഇലക്ട്രിക് കേബിളിൽ തൂങ്ങിമരിച്ചനിലയിൽ അയൽവാസികൾ കണ്ടെത്തുകയുമായിരുന്നു. മരണത്തിൽ ദുരൂഹത ഉണ്ടെന്ന് നാട്ടുകാർ പറഞ്ഞതോടെ പട്ടണക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു. ആലപ്പുഴയിൽനിന്ന് എത്തിയ ഫോറൻസിക് ഉദ്യോഗസ്ഥരും തെളിവെടുപ്പ് നടത്തി. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് മോർച്ചറിയിൽ. കോവിഡ് പരിശോധനക്കും തുടർന്ന് പോസ്റ്റ്മോർട്ടത്തിനും ശേഷം കടക്കരപ്പള്ളിയിലെ വീട്ടുവളപ്പിൽ ബുധനാഴ്ച സംസ്കരിക്കും. ഭാര്യ: ഉഷ. മക്കൾ: ആദർശ്, പ്രിയ.