വർക്കല: ഓടുന്ന ഓട്ടോയുടെ മുകളിൽ മരം കടപുഴകി വീണ് ഡ്രൈവർക്ക് ദാരുണാന്ത്യം. അഞ്ചുതെങ്ങ് കായിക്കര പണിയിൽ വീട്ടിൽ ദുഷ്യന്തെൻറയും ഉഷയുടെയും മകൻ വിഷ്ണുവാണ് (29) മരിച്ചത്. ബുധനാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് അപകടം. കായിക്കര സ്വദേശികളായ മനു, ശരത് എന്നിവർക്കൊപ്പം വർക്കലയിൽനിന്ന് ചെറുന്നിയൂർ ഭാഗത്തേക്ക് പോകവെ മരക്കട ജങ്ഷനിൽനിന്നുള്ള ഇറക്കം ഇറങ്ങവെയാണ് പ്ലാവ് കടപുഴകി ഓട്ടോയിൽ വീണത്. ഓട്ടോയുടെ മുൻവശം തകർത്ത പ്ലാവ് വിഷ്ണുവിെൻറ തലയിലാണ് വീണത്. സംഭവസ്ഥലത്ത് െവച്ചുതന്നെ വിഷ്ണു മരണപ്പെട്ടു. മനുവും ശരതും പരിക്കുകളൊന്നുമില്ലാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഓടിക്കൂടിയ നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് വിഷ്ണുവിനെ പുറത്തെടുത്തത്. മൃതദേഹം വർക്കല താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വർക്കല പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു. തുഷാര സഹോദരിയാണ്.