ആറ്റിങ്ങൽ: അഴൂർ കടവ് പാലത്തിനുസമീപം കായലിൽ കുളിക്കാനിറങ്ങുന്നതിനിടെ ഒഴുക്കിൽപെട്ട് കാണാതായ യുവാവ് മരിച്ചു. വഴുതക്കാട് ഉദാര ശിരോമണി റോഡിൽ ടി.സി 15/784 ൽ വിഘ്നേശ് ആകാശ് (27) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ച 1.15നാണ് സംഭവം. സുഹൃത്തുക്കളായ അഞ്ചംഗ സംഘം രാത്രി കാല ഡ്രൈവിനിറങ്ങിയതായിരുന്നു. മൂന്നുപേർ കരയിൽ നിന്നു. ആകാശും മറ്റൊരു സുഹൃത്ത് വിജയ് ശങ്കറുമാണ് വെള്ളത്തിലിറങ്ങിയത്. ശക്തമായ ഒഴുക്കിൽപെട്ട് ഇരുവരും കയത്തിലാകുകയായിരുന്നു. നിലവിളി കേെട്ടത്തിയ മീൻപിടിത്തക്കാർ വലയെറിഞ്ഞുകൊടുത്ത് വിജയ് ശങ്കറെ രക്ഷിക്കുകയായിരുന്നു. ആറ്റിങ്ങൽ ഫയർ ഫോഴ്സും ചിറയിൻകീഴ് പൊലീസും എത്തിയെങ്കിലും രാത്രിയായതിനാൽ തിരച്ചിൽ നടത്താനായില്ല.രാവിലെ ആറ്റിങ്ങൽ ഫയർഫോഴ്സിലെ സ്കൂബാ ടീം നടത്തിയ തിരച്ചിലിൽ തെങ്ങിനടിയിൽ കുടുങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. പൊലീസ് ഇൻക്വസ്റ്റ് തയാറാക്കി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. കോവിഡ് ടെസ്റ്റിനു ശേഷം ഇന്ന് പോസ്റ്റ്മോർട്ടം നടക്കും. എൻജിനീയറിങ്ങിനുശേഷം ഫിലിം മേക്കിങ് കോഴ്സ് പഠിക്കുകയാണ് വിഘ്നേശ് ആകാശ്. പരേതനായ ആകാശ് പിതാവാണ്. മാതാവ് ഷീബ. കാർത്തിക് സഹോദരനാണ്.