കട്ടപ്പന: തമിഴ്നാട് കമ്പത്ത് ബൈക്കും പിക്അപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. കട്ടപ്പന പുളിയന്മല കാമാക്ഷിവിലാസം എസ്റ്റേറ്റിൽ ജയരാജ്-രേവതി ദമ്പതികളുടെ മകൻ ശരവണനാണ് (20) മരിച്ചത്. കമ്പത്ത് ചൊവ്വാഴ്ച ഉച്ചക്ക് 12ഓടെയായിരുന്നു അപകടം. കമ്പത്ത് സ്ഥിരതാമസമുള്ള ഇവർക്ക് പുളിയന്മലയിൽ ഏലത്തോട്ടവും വീടുമുണ്ട്. പുലിയന്മലയിലെ ഏലത്തോട്ടത്തിലേക്ക് കമ്പത്തുനിന്ന് ബൈക്കിൽ വരുകയായിരുന്നു. കമ്പത്ത് ബൈപാസ് റോഡ് മുറിച്ചുകടക്കുന്നതിനിടെ എതിരെ വന്ന പിക്അപ് ബൈക്കിലിടിച്ചാണ് അപകടം. റോഡിലേക്ക് തെറിച്ചുവീണ ശരവണെൻറ തല റോഡിൽ ഇടിച്ചാണ് മരണം. സംഭവ സ്ഥലത്തുതന്നെ ശരവണൻ മരിച്ചു. സഹോദരിമാർ: രാജേശ്വരി, നിത്യശ്രീ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് കമ്പത്ത്.