പത്തനാപുരം: കിണറ്റിൽ വീണ പൂച്ചയെ പുറത്തെടുക്കാൻ ശ്രമിക്കുന്നതിനിടെ ബോധരഹിതനായി കിണറ്റില്‍ അകപ്പെട്ട വയോധികനെ രക്ഷിക്കാനിറങ്ങിയ യുവാവ് മരിച്ചു. പുനലൂർ വെഞ്ചേമ്പ് അയനിക്കോട് അനീഷ് ഭവനിൽ അനീഷ് (35) ആണ് മരിച്ചത്.
വ്യാഴാഴ്ച വൈകീട്ട് ആറിന് പിറവന്തൂർ തച്ചക്കുളം രേഖാ മന്ദിരത്തിൽ രത്നാകരെൻറ വീട്ടിലാണ് സംഭവം. കിണറ്റിൽ വീണ പൂച്ചയെ പുറത്തെടുക്കാൻ പ്രദേശവാസിയായ കൊച്ചുചെറുക്കൻ (78) ആദ്യം കിണറ്റിലിറങ്ങി. ശ്വാസം മുട്ടി ഇയാൾ ബോധരഹിതനായതിനെ തുടർന്ന് രക്ഷിക്കാനായി രാധാകൃഷ്ണൻ എന്നയാൾ ഇറങ്ങി. ഇയാൾക്കും അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്നാണ് അനീഷ് ഇറങ്ങിയത്. കൊച്ചു ചെറുക്കനെയും രാധാകൃഷ്ണനെയും നാട്ടുകാരുടെ സഹായത്തോടെ പുറത്തെത്തിച്ച ശേഷം കരയിലേക്ക് കയറാനുള്ള ശ്രമത്തിനിടെ അനീഷ് ബോധരഹിതനായി കിണറ്റിലേക്ക് വീഴുകയായിരുന്നു. അഗ്നിശമന സേനയെത്തി പുനലൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.