ആമ്പല്ലൂര്‍: വനവിഭവങ്ങള്‍ ശേഖരിക്കാൻ പോയ ആദിവാസി യുവാവിനെ ചിമ്മിനി ഉള്‍വനത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വടക്കഞ്ചേരി മംഗലംഡാം കല്‍ചാടി കോളനിയിലെ രാമസ്വാമിയുടെ മകന് ഷൈജുവാണ് (18) മരിച്ചത്. പനി ബാധിച്ച് മരിച്ചെന്നാണ് പ്രാഥമികവിവരം. ആനപാന്തത്തെ ബന്ധുവീട്ടിലെത്തിയ ഷൈജു ശനിയാഴ്ചയാണ് വനവിഭവങ്ങള്‍ ശേഖരിക്കാന്‍ ചിമ്മിനിയിലെ ഉള്‍ക്കാട്ടിലേക്ക് പോയത്. ഉരുളന്പാറയില് താല്‍ക്കാലിക ഷെഡ് കെട്ടിയാണ് സംഘം താമസിച്ചിരുന്നത്. ഇതിനിടെ ബുധനാഴ്ച രാത്രിയോടെ ഷൈജുവിന് പനിയും വയറുവേദനയും മൂര്‍ച്ഛിച്ചു. വന്യമൃഗശല്യം രൂക്ഷമായ പ്രദേശമായതിനാല്‍ വ്യാഴാഴ്ച രാവിലെ ഡോക്ടറെ കാണാന്‍ നാട്ടിലേക്ക് തിരിക്കാന്‍ സംഘം തീരുമാനിച്ചു. വ്യാഴാഴ്ച രാവിലെ കൂടെയുണ്ടായിരുന്നവര്‍ ഉണര്‍ന്നപ്പോള്‍ ഷൈജു മരിച്ചിരുന്നതായി ബന്ധുക്കള്‍ പൊലീസിന് മൊഴി നല്കി. വരന്തരപ്പിള്ളി പൊലീസും ചിമ്മിനി വനപാലകരും വനത്തിലെത്തി ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കോവിഡ് പരിശോധനാഫലം ലഭിച്ചതിനുശേഷം പോസ്റ്റ്മോര്‍ട്ടം നടത്തും. സി.ഐ എസ്. ജയകൃഷ്ണന്, എസ്.ഐ എ.വി. ലാലു, അസി. വൈല്‍ഡ് ലൈഫ് വാര്ഡന് അജയകുമാര്‍, സി.പി.ഒ രാജേഷ് കോട്ടില്‍, ഷിേൻറാ, സുരേഷ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘമാണ് നടപടികള്‍ പൂര്‍ത്തീകരിച്ചത്.