കറ്റാനം: കിടപ്പുമുറിയിൽ തീപടർന്ന് കറ്റാനം പുതുശ്ശേരിൽ മാത്യു (65) പൊള്ളലേറ്റ് മരിച്ചു. വ്യാഴാഴ്ച പുലർച്ച മൂന്നരയോടെയായിരുന്നു സംഭവം. പൊട്ടിത്തെറി ശബ്ദം കേട്ടാണ് അടുത്ത മുറിയിൽ ഉറങ്ങിയ ഭാര്യ സൽമ വിവരമറിയുന്നത്. കിടപ്പുമുറിയിൽനിന്ന് ഹാളിലേക്ക് തീപടർന്ന ശേഷമാണ് പൊട്ടിത്തെറിച്ചത്. ഭാര്യയുടെ ബഹളംകേട്ട് അയൽവാസികൾ ഒാടിയെത്തിയെങ്കിലും തീ നിയന്ത്രണ വിധേയമാക്കാനായില്ല. തുടർന്ന് അഗ്നിരക്ഷാസംഘം എത്തിയാണ് തീയണച്ചത്. കുറത്തികാട് പൊലീസും എത്തിയിരുന്നു. മാത്യു കിടന്ന മുറിയിലെ കമ്പ്യൂട്ടറും ഇലക്ട്രോണിക്സ് ഉപകരണങ്ങളും കത്തിനശിച്ചു. കമ്പ്യൂട്ടറിൽനിന്നുള്ള ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമികനിഗമനം. ഫോറൻസിക് വിദഗ്ധർ തെളിവെടുപ്പ് നടത്തി. മകൾ: ചാർമി. സംസ്കാരം വെള്ളിയാഴ്ച 11ന് കറ്റാനം മലങ്കര സിറിയൻ കത്തോലിക്ക പള്ളി സെമിത്തേരിയിൽ.