കൊല്ലം: ജോലിസ്ഥലത്തേക്ക് പോകുകയായിരുന്ന സൈക്കിൾ യാത്രികൻ ബൈപാസ് റോഡിൽ അപകടത്തിൽ മരിച്ചു. ഇരവിപുരം കൈയാലയ്ക്കൽ ആസാദ് നഗർ 216 കുളപ്പുറത്ത് കിഴക്കതിൽ വീട്ടിൽ വാവകുഞ്ഞ് ഹനീഫ (72) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഏഴരയോടെ അയത്തിലാണ് അപകടം. കല്ലുംതാഴത്തെ സൂപ്പർ മാർക്കറ്റിലെ ജീവനക്കാരനായ വാവകുഞ്ഞ് ഹനീഫ ജോലിസ്ഥലത്തേക്ക് പോകുകയായിരുന്നു. പിന്നിൽനിന്ന് വന്ന ബൈക്കിടിച്ച് റോഡിലേക്ക് വീണപ്പോൾ കാറിടിച്ചെന്നാണ് പ്രാഥമികവിവരമെന്ന് കിളികൊല്ലൂർ എസ്.എച്ച്.ഒ പറഞ്ഞു. കിളികൊല്ലൂർ പൊലീസെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം കിളികൊല്ലൂർ വലിയപള്ളി ജമാഅത്ത് ഖബർസ്ഥാനിൽ ഖബറടക്കി. ഭാര്യ: സൈനബാബീവി. മക്കൾ: ജലാലുദ്ദീൻ, സജി, സജീന. മരുമക്കൾ: സിറാജുദ്ദീൻ, ഷെഫീക്ക്, താജുന്നിസ.