രാമപുരം: പ്രമുഖ മതപണ്ഡിതനും സൂഫീവര്യനും വാഗ്മിയുമായിരുന്ന പനങ്ങാങ്ങരയിലെ കാളാവ് തെക്കോടത്ത് മൂര്യാട് ഹംസ മുസ്ലിയാർ (മൂര്യാട് ഉസ്താദ് -75) നിര്യാതനായി. വെള്ളിയാഴ്ച രാവിലെ പനങ്ങാങ്ങരയിലെ വസതിയിലായിരുന്നു നിര്യാണം. 1977 മുതൽ കണ്ണൂർ ജില്ലയിലെ മൂര്യാട് ജുമാമസ്ജിദിലെ ഖതീബും മുദരിസുമായി സേവനം ചെയ്തു വരുകയായിരുന്നു. 1975ൽ കൊണ്ടോട്ടി പരതക്കാട് ജുമാമസ്ജിദിലും ഇമാമായിട്ടുണ്ട്. പ്രമുഖ സൂഫീവര്യനും ആത്മീയ നേതാവുമായ കണ്യാല അബ്ദുല്ല മൗലായുടെ ശിഷ്യനാണ്. ആയിരക്കണക്കിന് ശിഷ്യസമ്പത്തിനുടമയായ ഇദ്ദേഹം നിരവധി ആത്മീയ സദസ്സുകൾക്ക് നേതൃത്വം നൽകുകയും വടക്കൻ കേരളത്തിലും മലബാറിലും നിരവധി മതസ്ഥാപനങ്ങൾ നിർമിക്കാൻ ആത്മീയ പ്രഭാഷണങ്ങൾ നിർവഹിക്കുകയും ചെയ്തു. പനങ്ങാങ്ങര അഹ്ലുസ്സുന്ന ഫൗണ്ടേഷെൻറ സ്ഥാപക രക്ഷാധികാരിയാണ്. വടക്കാങ്ങര മേലേ കാളാവിലെ പരേതരായ തെക്കോടത്ത് മൊയ്തീൻ ഹാജിയുടെയും രാമപുരം കുഴിക്കാട്ടിൽ ഫാത്തിമയുടെയും മകനായി 1945ലാണ് ജനനം. ഭാര്യമാർ: വെള്ളേങ്ങൽ ഹഫ്സത്ത് (പടിഞ്ഞാറ്റുമുറി), പരേതയായ കുഴിക്കാട്ടിൽ ഫാത്തിമ (പനങ്ങാങ്ങര). മക്കൾ: മുഹമ്മദ് സാലിം ഫൈസി കൂടത്തായി (ഖതീബ്, കൂടത്തായി പുറായിൽ ജുമാമസ്ജിദ്), ഹഫ്സത്ത് (കരിഞ്ചാപ്പാടി). മരുമക്കൾ: അബ്ദുസ്സമദ് കുട്ടക്കാടൻ (കരിഞ്ചാപ്പാടി), പുള്ളിയിൽ ഉസ്ന (ആലത്തൂർപ്പടി). സഹോദരങ്ങൾ: ഖദീജ (വടക്കാങ്ങര), നബീസ (കടുങ്ങപുരം), കുഞ്ഞിമുഹമ്മദ് മുസ്ലിയാർ (കാളാവ്), ഉമർ മുസ്ലിയാർ (വെള്ളാട്ടുപറമ്പ്), പരേതനായ അബു ഹാജി (മേലേ കാളാവ്).