അന്തിക്കാട്: പെരിങ്ങോട്ടുകരയിൽ വീടുകയറിയുള്ള ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. പെരിങ്ങോട്ടുകര കരുവാംകുളം അതിശയ റോഡിൽ പരേതനായ മാളൂത്തറ രാധാകൃഷ്ണെൻറ ഭാര്യ ചന്ദ്രികയാണ് (49) മരിച്ചത്. ഇരുമ്പുവടികൊണ്ടുള്ള ആക്രമണത്തിൽ ചന്ദ്രികയുടെ തലയോട് പിളർന്നിരുന്നു. അബോധാവസ്ഥയിലായ ഇവർ പത്തുമാസമായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച ഉച്ചക്കാണ് മരിച്ചത്. 2020 മാർച്ച് പത്തിന് അയൽവാസികളുമായുണ്ടായ വാക്തർക്കത്തിനിടയിലായിരുന്നു ആക്രമണം. ചന്ദ്രികയുടെ മകനും ആക്രമണം തടയാൻ ശ്രമിച്ചവർക്കും പരിക്കേറ്റിരുന്നു. സംഭവത്തിൽ അയൽവാസികളായ മൂന്നുപേരെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം ഞായറാഴ്ച ഉച്ചക്ക് താന്ന്യം പഞ്ചായത്ത് പൊതുശ്മശാനത്തിൽ സംസ്കാരം നടത്തും. ചന്ദ്രികയുടെ മക്കൾ: രഞ്ജിത്ത്, പ്രണവ്.