ഷൊർണൂർ: സൗദി അറേബ്യയിലെ അൽജൗഫിൽ മരിച്ച ചളവറ മുണ്ടക്കോട്ടുകുറുശ്ശി സ്വദേശി ഷാജിമോെൻറ (37) മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തിക്കും. അൽജൗഫിലെ കടയിൽ ജോലി ചെയ്യുന്ന ഷാജിമോൻ ജനുവരി 20ന് രാത്രി കടയടച്ച് റൂമിൽ പോയതാണ്. അടുത്ത ദിവസം കട തുറന്ന് കാണാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ ചെന്ന് നോക്കിയപ്പോൾ മരിച്ച നിലയിൽ കാണുകയായിരുന്നു. ഉറക്കത്തിൽ ഹൃദയാഘാതമുണ്ടായതാണ് മരണകാരണം. കെ.എം.സി.സിയാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുന്നത്. രാവിലെ എട്ടിന് നെടുമ്പാശ്ശേരിയിലെത്തിക്കുന്ന മൃതദേഹം വീട്ടിലെത്തിച്ച് മുണ്ടക്കോട്ടുകുറുശ്ശി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. നാട്ടിലേക്ക് വരാനിരിക്കെയായിരുന്നു മരണം. യൂത്ത് ലീഗ് പ്രവർത്തകനായിരുന്ന ഷാജിമോൻ നാട്ടിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിലും ജോലിസ്ഥലത്ത് കെ.എം.സി.സിയിലും സജീവമായിരുന്നു. മനമുള്ളി വീട്ടിൽ കുഞ്ഞാപ്പു-നബീസ ദമ്പതികളുടെ മകനാണ്. ഭാര്യ: ഷമീന. മക്കൾ: ഫാത്തിമ നഹന, റബീഹ്, റിൻഷാദ്. സഹോദരങ്ങൾ: ബുഷ്റ, റസിയ, ജുനൈദ്.