പെരുമ്പാവൂർ: കുളത്തിൽ മീൻ പിടിക്കാൻ പോയ അന്തർസംസ്ഥാന ദമ്പതികളുടെ മകൻ കാൽ വഴുതിവീണ് മുങ്ങിമരിച്ചു. ഐമുറിയിൽ വാടകക്ക് താമസിക്കുന്ന ബിഹാർ സ്വദേശി കമുയുദ്ദീൻ ഷായുടെ മകൻ അക്ബർ അലിഷായാണ് (എട്ട്) മരിച്ചത്. കൂവപ്പടി സെൻറ് ആൻസ് പബ്ലിക് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണ്. ശനിയാഴ്ച ഉച്ചക്ക് 12ഓടെ വീടിന് സമീപത്തെ കൊട്ടമ്പിള്ളി കുടിയിലെ പൊട്ടക്കുളത്തിലാണ് കുട്ടി മീൻപിടിക്കാൻ പോയത്. സമയം കഴിഞ്ഞിട്ടും കാണാത്തതിനെത്തുടർന്ന് മാതാവ് താഹിറ ചെന്നപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. നാട്ടുകാരാണ് മൃതദേഹം കരക്കെടുത്തത്.