ആമ്പല്ലൂർ: കഴിഞ്ഞ ദിവസം നിര്യാതനായ മലയാള സിനിമ കലാസംവിധായകൻ രാജൻ വരന്തരപ്പിള്ളിയുടെ (63) സംസ്കാരം വെള്ളിയാഴ്ച രാവിലെ വരന്തരപ്പിള്ളി വിമലഹൃദയ ദേവാലയ സെമിത്തേരിയിൽ നടക്കും. ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ്, ഇരുപതാം നൂറ്റാണ്ട്, മൂന്നാംമുറ, അധിപൻ, കുടുംബപുരാണം, ഭൂമിയിലെ രാജാക്കൻമാർ തുടങ്ങി 45 സിനിമകളുടെ കലാസംവിധാനം നിർവഹിച്ചിട്ടുണ്ട്. വരന്തരപ്പിള്ളി കോരനൊടി പുത്തന്ചിറക്കാരന് കൊച്ചപ്പെൻറ മകനായ രാജന് പരസ്യകലയിലൂടെയാണ് സിനിമ രംഗത്തെത്തുന്നത്. കലയോടുള്ള അഭിനിവേശം മൂലം ചെറുപ്പത്തിലേ മദ്രാസിലേക്ക് കുടിയേറുകയായിരുന്നു. 1979ൽ പുറത്തിറങ്ങിയ പൊന്നിൽ കുളിച്ച രാത്രിയിലൂടെയാണ് സ്വതന്ത്ര കലാസംവിധായകനാകുന്നത്. കെ. മധു, സാജൻ, സത്യൻ അന്തിക്കാട്, പി.ജി. വിശ്വംഭരൻ, തമ്പി കണ്ണന്താനം തുടങ്ങിയ സൂപ്പർ ഹിറ്റ് സംവിധായകരോടൊപ്പം നിരവധി ചിത്രങ്ങളിൽ രാജൻ കലാസംവിധായകനായി. രാജൻ ഒരാഴ്ചയിലേറെയായി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ഫ്ലവറി. മക്കള്: മോസ് (കുവൈത്ത്), പരേതനായ ജീസ്.