അടൂർ: തിരുവല്ല ആസ്ഥാനമായ പെന്തക്കോസ്ത് സഭയായ ശാരോൻ ഫെലോഷിപ് സഭയെ 17 വർഷം ജനറൽ പ്രസിഡൻറായി നയിച്ച പാസ്റ്റർ ഡോ. ടി.ജി. കോശി (88) നിര്യാതനായി. സെറാംപുർ സർവകലാശാലയുടെ അംഗീകാരം പെന്തക്കോസ്ത് സഭാ സെമിനാരികളിൽ ആദ്യം ലഭിച്ച മണക്കാല ഫെയ്ത്ത് തിയോളജിക്കൽ സെമിനാരിയുടെ (എഫ്.ടി.എസ്) സ്ഥാപകനാണ്. ഇൗ സെമിനാരിയിൽനിന്നുള്ള നാലായിരത്തിലധികം വിദ്യാർഥികൾ പ്രേഷിത പ്രവർത്തനങ്ങളിൽ ലോകമെമ്പാടുമുണ്ട്. ഏനാത്ത് ചുണ്ടോലിക്കൽ പരേതരായ ജോർജ്-അന്നമ്മ ദമ്പതികളുടെ മകനാണ്. അമേരിക്കയിലെ ഗാർലൻറ് ബാപ്റ്റിസ്റ്റ് ബൈബിൾ കോളജിലും സൗത്ത് വെസ്റ്റേൺ അസംബ്ലീസ് ഓഫ് ഗോഡ് കോളജിലും വേദപഠനം നടത്തി. 1970 ൽ മണക്കാല കേന്ദ്രമാക്കി സെമിനാരി തുടങ്ങി. 2011ൽ സെറാംപുർ സർവകലാശാല ഡോക്ടറേറ്റ് നൽകി ആദരിച്ചു.ഭാര്യമാർ: റാന്നി പുല്ലാംപള്ളിൽ ഏലിയാമ്മ കോശി, പരുമല പുല്ലംപ്ലാവിൽ വാലേത്ത് പരേതയായ മറിയാമ്മ കോശി. മക്കൾ: ഡോ. ആനി ജോർജ് (പ്രിൻസിപ്പൽ, ഫെയ്ത്ത് തിയോളജിക്കൽ സെമിനാരി), ഡോ. സൂസൻ മാത്യു (പ്രിൻസിപ്പൽ, ദീപ്തി സ്പെഷൽ സ്കൂൾ, മണക്കാല), റൂബി മാത്യൂസ് (ബൈബിൾ പരിഭാഷക), സാം ജി. കോശി (യു.എസ്). മരുമക്കൾ: ഡോ.അലക്സി ഇ. ജോർജ്, ഡോ.മാത്യു സി. വർഗീസ്, മാത്യൂസ് എം. കുര്യൻ, രെഞ്ചി സാം. സംസ്കാരം പിന്നീട്.