അടിമാലി: കാർ തട്ടി ദമ്പതികള്‍ സഞ്ചരിച്ച സ്കൂട്ടർ മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം. റോഡിൽ വീണ യുവതി എതിരെ വന്ന ടാങ്കര്‍ ലോറിക്കടിയിൽപെടുകയായിരുന്നു. അടിമാലി ചിന്നപ്പാറ ആദിവാസി കോളനിയിലെ കണ്ടത്തിന്‍കര അനുവിെൻറ ഭാര്യ ശാന്തിനിയാണ് (27) മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ അടിമാലി-കുമളി ദേശീയപാതയില്‍ ആയിരമേക്കറിലാണ് സംഭവം. അനുവാണ് സ്കൂട്ടര്‍ ഓടിച്ചിരുന്നത്. പിന്നില്‍ വന്ന കാര്‍ തെറ്റായ വശത്തുകൂടി സ്കൂട്ടറിനെ മറികടക്കുന്നതിനിടെ സ്കൂട്ടറിൽ തട്ടുകയായിരുന്നു. തെറിച്ചുവീണ ശാന്തിനിയുടെ തലയിലൂടെ ഈ സമയം എതിര്‍ദിശയില്‍നിന്ന് വന്ന ടാങ്കര്‍ കയറുകയും ചെയ്തു. കട്ടപ്പന കോഴിമല ആദിവാസി കോളനി സ്വദേശിനിയാണ്. നാലുമാസം മുമ്പായിരുന്നു വിവാഹം. ശനിയാഴ്ച കട്ടപ്പനയില്‍ പി.എസ്.സി പരീക്ഷ എഴുതിയശേഷം കുടുംബവീട്ടിലേക്ക് ശാന്തിനിയും ഭര്‍ത്താവും പോയിരുന്നു. തിങ്കളാഴ്ച സ്കൂട്ടറില്‍ അടിമാലി ചിന്നപ്പാറയിലെ സ്വന്തം വീട്ടിലേക്ക് വരവെയാണ് അപകടം. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. അടിമാലി പൊലീസ് കേസെടുത്തു.