അങ്കമാലി: പാറമടയിൽ കല്ല് കയറ്റാൻ നിർത്തിയിട്ട ലോറി പിറകോട്ടിറങ്ങി മറ്റൊരു ലോറിക്കിടയിൽപെട്ട് ഡ്രൈവർ മരിച്ചു. അങ്കമാലി മൂക്കന്നൂർ ആഴകം ആശേരി അമ്പലത്തിനുസമീപം താമസിക്കുന്ന കോട്ടയ്ക്കൽ ദേവസിക്കുട്ടിയുടെ മകൻ ജിൻസനാണ് (26) മരിച്ചത്. മൂക്കന്നൂർ പറമ്പയം ഭാഗത്തെ പാറമടയിലായിരുന്നു അപകടം.കരിങ്കല്ല് കയറ്റാൻ പാറമടയിൽ ഏതാനും ലോറികൾ നിർത്തിയിട്ടിരുന്നു. ഇതിനിടെ സ്വന്തം ലോറിക്കുപിന്നിൽ നിൽക്കുമ്പോഴാണ് വാഹനം പിറകോട്ടിറങ്ങിയത്. തള്ളിപ്പിടിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റൊരു ലോറിക്കിടയിൽപെട്ടു. അവശനിലയിലായ ജിൻസനെ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അങ്കമാലി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്േമാർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മാതാവ്: ബേബി. സഹോദരങ്ങൾ: പ്രിൻസി, ജിൻസി.