കൊച്ചി: ക്രിസ്തീയ ഭക്തിഗാനങ്ങളിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകൻ കൊച്ചി സ്വദേശി പി.ജെ. ലിപ്സൺ (63) നിര്യാതനായി. പാലാരിവട്ടം പാണംപറമ്പിൽ വീട്ടിൽ ജോസഫ്-ത്രേസ്യ ദമ്പതികളുടെ മകനാണ്. അസുഖ ബാധിതനായി ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ ഞായറാഴ്ച പുലർച്ച ശ്വാസതടസ്സം നേരിട്ടതിനെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചിരുന്നു. പോപ്പ് ജോൺ പോൾ രണ്ടാമൻ കൊച്ചിയിൽ വന്നപ്പോൾ ദിവ്യബലിയിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയിരുന്നു. നിരവധി ഭക്തിഗാനങ്ങളുടെയും സിനിമഗാനങ്ങളുടെയും റെക്കോഡിങ്ങിന് ഉപകരണങ്ങൾ വായിച്ചിട്ടുണ്ട്. ഇലക്ട്രിക് ഓർഗൻ പ്രചാരത്തിൽവരുന്ന കാലത്ത് കേരളത്തിലെ അറിയപ്പെടുന്ന ഓർഗനിസ്റ്റായിരുന്നു. തമിഴ് ക്രിസ്ത്യൻ ഭക്തിഗാനങ്ങൾക്കും സംഗീതം നൽകിയിട്ടുണ്ട്. ഭാര്യ: ആലിസ് മകൻ: ലാൻവിൻ. സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് പാലാരിവട്ടം സെൻറ് ജോൺസ് ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയിൽ നടന്നു.