അങ്കമാലി: യുവാക്കള്‍ സഞ്ചരിച്ച ബൈക്കില്‍ അജ്ഞാത വാഹനമിടിച്ച് ഒരാള്‍ മരിച്ചു. ഒപ്പം സഞ്ചരിച്ച സുഹൃത്തിന് സാരമായി പരിക്കേറ്റു. അങ്കമാലി മഞ്ഞപ്ര ചുള്ളിവീട്ടില്‍ ദേവസിക്കുട്ടിയുടെ മകന് ആല്‍ബിനാണ് (21) മരിച്ചത്. ഒപ്പം സഞ്ചരിച്ച അയല്‍വാസിയും സൃഹൃത്തുമായ മഞ്ഞപ്ര തിരുതനത്തില്‍ വീട്ടില്‍ അമലിനെ (22) ഗുരുതരാവസ്ഥയിൽ അങ്കമാലി എല്‍.എഫ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. നെടുമ്പാശ്ശേരിയില്‍ ഹോട്ടല്‍ ജീവനക്കാരായ ഇരുവരും ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ എം.സി റോഡില്‍ ഒലിയന്‍ കപ്പേളക്ക് സമീപം ശനിയാഴ്ച പുലര്‍ച്ച 1.45ഓടെയാണ് അപകടം. റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ അജ്ഞാത വാഹനം ബൈക്ക് ഇടിച്ച് തെറിപ്പിച്ചു. അപകടത്തിനിടയാക്കിയ വാഹനം നിര്‍ത്താതെ പോയി. ഇടിയുടെ ആഘാതത്തില്‍ ഇരുവരും റോഡില്‍ തെറിച്ച് വീണു. ഓടിയെത്തിയ യാത്രക്കാര്‍ ഇരുവരെയും തൊട്ടടുത്ത എല്‍.എഫ് ആശുപത്രിയിെലത്തിച്ചെങ്കിലും ആല്‍ബിനെ രക്ഷിക്കാനായില്ല. അവിവാഹിതനാണ്. മാതാവ്: പൊന്മറ്റം മാടശ്ശേരി കുടുംബാംഗം ഡാനി. സഹോദരന്: അജ്വില് സെബാസ്റ്റ്യന്‍. അങ്കമാലി പൊലീസ് നടപടി സ്വീകരിച്ചു.