പറവൂർ: സി.പി.ഐ നേതാവ് രത്ന വിലാസത്തിൽ എസ്. രണദിവെ (73) നിര്യാതനായി. രാഷ്ട്രീയ, സാംസ്കാരിക വേദികളിലെ മികച്ച പ്രാസംഗികനായിരുന്ന രണദിവെ കുറച്ചുനാളായി രോഗബാധിതനായി വിശ്രമത്തിലായിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികത്സയിലിരിക്കെയാണ് അന്ത്യം. സംസ്കാരം തോന്ന്യകാവ് ശ്മശാനത്തിൽ നടത്തി. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം, ജില്ല അസി. സെക്രട്ടറി, എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി, എ.ഐ.വൈ.എഫ് ജില്ല-സംസ്ഥാന ഭാരവാഹി, മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ ചെയർമാൻ, പറവൂർ നഗരസഭ ചെയർമാൻ തുടങ്ങിയ പദവികൾ വഹിച്ചു.
പെരുവാരത്തുള്ള മകളുടെ വീട്ടിൽ എത്തിച്ച മൃതദേഹം ഉച്ചയോടെ പറവൂർ നഗരസഭ ഓഫിസിൽ പൊതുദർശനത്തിന് െവച്ചു. സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം പി. രാജീവ്, എസ്. ശർമ എം.എൽ.എ, സി.പി.ഐ ജില്ല സെക്രട്ടറി പി. രാജു, കെ.പി.സി.സി വൈസ് പ്രസിഡൻറ് കെ.പി. ധനപാലൻ, എൽദോ എബ്രഹാം എം.എൽ.എ, നഗരസഭ ചെയർപേഴ്സൻ വി.എ. പ്രഭാവതി, കെ.എൻ. ഉണ്ണികൃഷ്ണൻ, എം.ടി. നിക്സൺ, ടി.ആർ. ബോസ് തുടങ്ങി നിരവധിപേർ അന്ത്യോപചാരമർപ്പിച്ചു
1954ൽ തിരുക്കൊച്ചി മന്ത്രിസഭയിൽ എം.എൽ.എ ആയിരുന്ന പരേതനായ ശ്രീവല്ലഭ മേനോനാണ് പിതാവ്. മാതാവ്: രത്നവല്ലി. ഭാര്യ: സീത. മക്കൾ: ഉമ (ഗായിക), രഞ്ജിത്, മീര (ഗായിക). മരുമക്കൾ: ബിജുശ്രീ (ബിസിനസ്), പ്രദീപ് ബാബു (പിന്നണി ഗായകൻ).