കോലഞ്ചേരി: വീട്ടമ്മയെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. തിരുവാണിയൂർ പഴുക്കാമറ്റം പാടച്ചെരുവിൽ വീട്ടിൽ സൗമ്യ ബിജുവിനെയാണ് (33) വ്യാഴാഴ്ച പുലർച്ച കിടപ്പുമുറിയിലെ കട്ടിലിൽനിന്ന് വീണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇടുക്കിയിൽ നിന്നെത്തി ഇവിടെ വാടകക്ക് താമസിക്കുന്നവരാണ്. ഭർത്താവ് ബിജുവിന് കൂലിപ്പണിയാണ്. ബിജു കഴിഞ്ഞ എട്ടിന് കോവിഡ് പോസിറ്റിവായി വീട്ടിൽ ആരോഗ്യവകുപ്പിെൻറ നിരീക്ഷണത്തിലായിരുന്നു. സൗമ്യക്ക് ബുധനാഴ്ച രാവിലെ പെട്ടെന്ന് പനിയും ദേഹവേദനയുമുണ്ടായി. ഉച്ചകഴിഞ്ഞ് ശ്വാസതടസ്സമുണ്ടായതായി വിവരം ലഭിച്ചതിനെത്തുടർന്ന് ആശ പ്രവർത്തകയെ വിവരമറിയിച്ചു. ഇവർ അറിയിച്ചതനുസരിച്ച് ആരോഗ്യപ്രവർത്തകർ ഡോക്ടറെ വിവരം ധരിപ്പിച്ച് മരുന്നുനൽകി. പിന്നീട് അസുഖം കുറഞ്ഞതായി ആരോഗ്യപ്രവർത്തകരെ അറിയിച്ചിരുന്നു. രാത്രി കിടന്നുറങ്ങിയ സൗമ്യ രാവിലെ കട്ടിലിൽ നിന്ന് വീണതായി പുലർച്ച ലഭിച്ച വിവരത്തെ തുടർന്ന് ആരോഗ്യ പ്രവർത്തകരെത്തി പരിശോധിച്ചപ്പോഴാണ് മരണവിവരമറിയുന്നത്. ഭർത്താവ് ബിജുവിനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സൗമ്യയുടെ മൃതദേഹം തൃപ്പൂണിത്തുറ ആശുപത്രി മോർച്ചറിയിലാണ്. കോവിഡ് പരിശോധനക്കുശേഷം വെള്ളിയാഴ്ച പോസ്റ്റ്മോർട്ടം കഴിഞ്ഞാലേ മരണകാരണം വ്യക്തമാകൂ. പുത്തൻകുരിശ് പൊലീസ് നടപടി സ്വീകരിച്ചു. ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിലാണ് ഇരുവെരയും ആശുപത്രിയിലേക്ക് മാറ്റിയത്. മക്കൾ: ബിസോജിൻ, ബിസോൺ.