തിരുവനന്തപുരം: തലസ്ഥാനത്തെ പ്രശസ്ത സന്ധിരോഗ വിദഗ്ധന്‍ നാലാഞ്ചിറ ബഥേല്‍ ഹൗസില്‍ ഡോ. ജോയ് ഫിലിപ് (75) അന്തരിച്ചു. ഞായറാഴ്ച പുലര്‍ച്ച ശ്വാസം മുട്ടല്‍ അനുഭവപ്പെട്ട ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. രാജ്യത്തെ ആദ്യകാല സന്ധിരോഗ വിദഗ്ധരിലൊരാളായ ഡോ. ജോയ് ഫിലിപ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ജനറല്‍ മെഡിസിന് ഡിപ്പാർട്മെന്റിന്റെ തലവനായും വട്ടപ്പാറ എസ്.യു.ടി. മെഡിക്കല്‍ കോളജില്‍ സ്ഥാപക പ്രിന്‍സിപ്പലായും ദീര്‍ഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സന്ധിരോഗ മേഖലയില്‍ നിരവധി പഠനങ്ങള്‍ നടത്തിയിട്ടുള്ള ഇദ്ദേഹം മികച്ച അധ്യാപകനെന്ന നിലയിലും പ്രശസ്തനാണ്. വൈദ്യശാസ്ത്രത്തിലെ കടുപ്പമുള്ള പാഠങ്ങള്‍ പോലും ലളിതമായി, നര്‍മം കലര്‍ത്തി പഠിപ്പിച്ചിരുന്ന ഡോ. ജോയ് ഫിലിപ്പിന് രാജ്യത്തിനകത്തും പുറത്തുമായി വലിയ ശിഷ്യസമ്പത്തുണ്ട്. ടി.വി. ചാനലുകളില്‍ ആരോഗ്യവിഷയങ്ങള്‍ അവതരിപ്പിക്കുന്നതിലും സജീവസാന്നിധ്യമായിരുന്നു.
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ 1965 ബാച്ചിലെ എം.ബി.ബി.എസ് വിദ്യാര്‍ഥിയായിരുന്ന ഇദ്ദേഹം ആകെയുള്ള 13 വിഷയങ്ങളില്‍ 12 എണ്ണത്തിനും സ്വര്‍ണ മെഡല്‍ നേടിയാണ് പഠനം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന്, അവിടെത്തന്നെ ജനറല്‍ മെഡിസിനില്‍ ഡോക്ടറായി സേവനമനുഷ്ഠിച്ചു. 2003ല്‍ ജനറല്‍ മെഡിസിന് വകുപ്പ് മേധാവിയായി വിരമിച്ചു. പിന്നീട്, എസ്.യു.ടി മെഡിക്കല്‍ കോളജില്‍ പ്രിന്‍സിപ്പലായും മെഡിസിന് വിഭാഗം പ്രഫസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: പരേതയായ ഡോ. ജില്ലി ട്രീസ. മക്കള്‍: ഡോ. കിരണ്‍ ജോയ് ഫിലിപ് (അമേരിക്ക), ഡോ. ദീപ സൂസന് ജോയ് (ആര്.സി.സി, തിരുവനന്തപുരം). മരുമകള്‍: ഡോ. സ്വപ്ന കിരണ്‍. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് സെന്റ് തോമസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയില്‍.