അത്തിപ്പഴ പെരുമ

മിത ശീതോഷ്ണ കാലാവസ്ഥയാണ്​ അത്തിത്തൈകളുടെ സമൃദ്ധ വളര്‍ച്ചക്കും വിളവെടുപ്പിനും അനുയോജ്യമെങ്കിലും വരണ്ട അന്തരീക്ഷത്തിലും വിളവെടുപ്പ് സാധ്യമെന്ന് തെളിയിക്കുന്നതാണ് റാസല്‍ഖൈമയിലെ അത്തിപ്പഴ കൃഷി. പ്രതികൂല അന്തരീക്ഷത്തെ ഹരിത ഗൃഹം ഒരുക്കി ശീതീകരണ സംവിധാനങ്ങളിലൂടെ അത്തിപ്പഴകൃഷിക്ക് അനുകൂലമാക്കിയാണ് റാക് കറാനിലെ കൃഷിയിടത്തില്‍ അത്തിപ്പഴം സമൃദ്ധമായി വളര്‍ത്തുന്നത്. ദിവസവും 15 കിലോ ഗ്രാം വരെ അത്തിപ്പഴമാണ് ഇവിടെ വിളവെടുക്കുന്നതെന്ന് കൃഷിയിടത്തിലെ അബ്ദുല്‍ലത്തീഫ് പറയുന്നു. മൂന്ന് മുതല്‍ ഏഴ് അടി വരെ ഉയരമുള്ള 500ലേറെ അത്തിത്തൈകള്‍ ഇവിടെയുണ്ട്. യു.എ.ഇയിലെ ചൂട് കാലാവസ്ഥ അത്തികൃഷിക്ക് വെല്ലുവിളി ഉയര്‍ത്തുന്നതാണ്. സാങ്കേതികതകള്‍ ഉപയോഗിച്ച് ഹരിതഗൃഹ സൗകര്യം ഒരുക്കി അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ കഴിഞ്ഞതാണ് അത്തികൃഷി വിജയത്തിന് പിന്നില്‍. എക്സ്ഹോസ്റ്റ് ഫാനുകളും ശീതീകരണ സംവിധാനവും സജ്ജീകരിച്ചാണ് തണുത്ത മരുപ്പച്ചയുടെ അന്തരീക്ഷം സൃഷ്ടിക്കുന്നത്. നൂതന ബ്രീഡിങ്​ സാങ്കേതികതകള്‍ ഉപയോഗിച്ച് കാലാവസ്ഥക്കനുയോജ്യമായ അത്തിത്തൈകളാണ് ഇവിടെ നടുന്നത്. ചെടികളുടെ വളര്‍ച്ചക്ക് സൂര്യപ്രകാശവും പ്രധാനമാണ്. ഇതിനുള്ള സജ്ജീകരണവും ഹരിത ഗൃഹത്തിന്‍റെ മേല്‍ക്കൂരയില്‍ സംവിധാനിച്ചിട്ടുണ്ട്. നാല് ദിവസത്തിലൊരിക്കലാണ് അത്തിത്തൈകള്‍ക്ക് വെള്ളം ഒഴിക്കേണ്ടത്. ജലാംശം നിലനിര്‍ത്തിയാല്‍ മാത്രം മതിയെന്നത് അധിക ജലത്തിന്‍റെ ആവശ്യവും അത്തികൃഷിക്ക് വരുന്നില്ല. ഓരോ നാലു മാസം കൂടുമ്പോള്‍ അത്തിത്തൈയുടെ തണ്ടുകള്‍ ഒന്ന് മുതല്‍ രണ്ട് അടി വരെ വെട്ടി നിര്‍ത്തും. ഇതിലൂടെ മൂന്ന് മാസത്തിനുള്ളില്‍ തൈകകളില്‍ നിന്ന് കായ്കള്‍ ലഭിക്കും. ആറു തരം വ്യത്യസ്ത അത്തിപ്പഴ ഇനങ്ങളാണ് ഇവിടെ ഉല്‍പാദിപ്പിക്കുന്നത്. ചില അത്തിപ്പഴങ്ങള്‍ വേനല്‍ചൂടിനെ ഇഷ്ടപ്പെടുന്നു. ചിലയിനങ്ങള്‍ ശൈത്യകാലത്തെയും. വേനലില്‍ വളര്‍ത്തുന്ന അത്തിപ്പഴത്തിന് രുചിയേറും. വേനല്‍ക്കാലത്തിന്‍റെ അവസാനത്തിലും ശൈത്യകാലത്തിന്‍റെ തുടക്കത്തിലും രുചി മികച്ചതാകില്ല. ഇവിടെ വിളവെടുക്കുന്ന അത്തിപ്പഴം പ്രാദേശിക വിപണിയിലാണ് വില്‍ക്കുന്നതെന്നും ഫുജൈറ, അബൂദബി, അല്‍ ഐന്‍ എന്നിവിടങ്ങളില്‍ ആവശ്യക്കാരുണ്ടെന്നും അബ്ദുല്‍ലത്തീഫ് പറഞ്ഞു.

Tags:    
News Summary - athipazham- rasalkhaima

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.