ഏറെ കോലാഹലങ്ങൾെക്കാടുവിലാണ് ഹോണ്ട തങ്ങളുടെ ഏറ്റവും പുതിയ 350 സി.സി ബൈക്കായ ഹൈനസിനെ അവതരിപ്പിച്ചത്. ടീസറും ട്രെയിലറും ശബ്ദം കേൾപ്പിക്കലും ഒക്കെയായി വലിയ പ്രചാരണവും വാഹനത്തിന് നൽകിയിരുന്നു.രാജ്യത്തെ 350 സിസി മോഡേൺ-ക്ലാസിക് വിഭാഗത്തിലേക്ക് ജാപ്പനീസ് നിർമ്മാതാക്കളുടെ വരവ് അടയാളപ്പെടുത്തിയാണ് ഹോണ്ട പുതിയ ഹൈനസ് സിബി 350 വിപണിയിലെത്തുന്നത്. എതിരാളികളില്ലാതെ വിപണി അടക്കിവാണിരുന്ന റോയൽ എൻഫീൽഡ് ബൈക്കുകളോടാണ് ഹൈനസിെൻറ പോരാട്ടമെന്നതും ശ്രദ്ധേയമാണ്. ഹൈനസിെൻറ അഞ്ച് സവിശേഷതകൾ പരിശോധിക്കാം.
ഹോണ്ടയുടെ പഴയകാല സിബി ഡിസൈൻ
പഴയ ഹോണ്ട സിബി മോട്ടോർസൈക്കിളുകളുടെ വൃത്തിയുള്ളതും ലളിതവുമായ ഡിസൈനുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഹോണ്ട ഹൈനസ് സിബി 350 നിർമിച്ചിരിക്കുന്നത്. റെട്രോ ബൈക്കുകളുടെ മനോഹാരിത, ഉരുണ്ട എൽഇഡി ഹെഡ്‌ലാമ്പ്, 15 ലിറ്റർ ഇന്ധന ടാങ്ക്, ക്രോം ഫെൻഡറുകൾ എന്നിവ നമ്മെ പോയകാലം ഓർമ്മപ്പെടുത്തും. വൈ-സ്‌പോക്ക് അലോയ് വീലുകളും അനലോഗ്-ഡിജിറ്റൽ ഇൻസ്ട്രുമെൻറ് പാനലും വാഹന ഡിസൈന് ആധുനികതയുടെ സ്പർശം നൽകുന്നു. പരമ്പരാഗത ക്രോം വയർ-സ്‌പോക്ക് റിം ഒഴിവാക്കുന്നതിനെ ചിലേപ്പാൾ പാരമ്പര്യവാദികളൊ റോയൽ എൻഫീൽഡ് ആരാധകരൊ പരിഹസിക്കാനിടയുണ്ട്. എന്നിരുന്നാലും അലോയ് വീലുകൾ, ട്യൂബ് ഇല്ലാത്ത ടയറുകൾ വളരെ പ്രായോഗികമാണ്, പ്രത്യേകിച്ചും പഞ്ചറുകളുമായി ഇടപെടുമ്പോൾ.
പുതിയ പ്ലാറ്റ്‌ഫോം
ആഗോളതലത്തിൽ വിൽക്കുന്ന ഹോണ്ട റെബൽ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാവും 350 സിസി ബൈക്ക് അവതരിപ്പിക്കുകയെന്നാണ് കരുതപ്പെട്ടിരുന്നത്. ഹോണ്ട ഇന്ത്യ രണ്ട് വർഷമായി തങ്ങളുടെ പുതിയ ക്രൂസർ ൈബക്കിനായി പുതിയ പ്ലാറ്റ്ഫോം വികസിപ്പിക്കുന്നുമുണ്ടായിരുന്നു. എന്തായാലും ഹോണ്ട ഹൈനസ് സിബി 350 പുതിയ ഹാഫ്-ഡ്യുപ്ലെക്സ് ക്രാഡിൽ ഫ്രെയിമിലാണ് നിർമിച്ചിരിക്കുന്നത്. സ്റ്റീലുകൊണ്ട് നിർമ്മിച്ചതാണിത്. മികച്ച ബാലൻസ് നൽകുന്ന ഷാസിയാണിതെന്ന് ഹോണ്ട എഞ്ചിനീയർമാർ പറയുന്നു. ഗുരുത്വാകർഷണ ബലം കുറയ്ക്കുന്നതിന് എഞ്ചിൻ താഴ്ത്തിയാണ് ഷാസിയിൽ പിടിപ്പിച്ചിരിക്കുന്നത്. ഇത് മോട്ടോർസൈക്കിളിന് സാമാന്യമായ വേഗതനൽകുന്നുണ്ട്.
ടെലിസ്കോപ്പിക് ഫോർക്ക് അപ്പ് ഫ്രണ്ട്, പിൻഭാഗത്ത് ഇരട്ട ഹൈഡ്രോളിക് ഷോക്ക് അബ്സോർബറുകൾ എന്നിവയാണ് ഉപയോഗിച്ചിരിക്കുന്നത്. പിന്നിലെ ടയറിന് മുഖ്യ എതിരാളിയായ റോയൽ എൻഫീൽഡ് ക്ലാസിക് 350 നേക്കാൾ വലുപ്പം കൂടുതലാണ്. ഹൈനസിന് 2,163mm നീളവും 800mm വീതിയും 1,107mm ഉയരവുമാണ്. വീൽ ബേസ് 1,441 മില്ലിമീറ്ററും ഗ്രൗണ്ട് ക്ലിയറൻസ് 166 മില്ലിമീറ്ററുമാണ്. ഇത് ഇൗ വിഭാഗത്തിലെ ഏറ്റവും മികച്ചതാണ്. മോട്ടോർ സൈക്കിൾ താരതമ്യേന ഭാരം കുറഞ്ഞതാണ്. 181 കിലോഗ്രാം ആണ് ഭാരം. എൻഫീൽഡ് ക്ലാസിക് 350 നേക്കാൾ 14 കിലോഗ്രാം കുറവാണിത്.
പുതുതായി വികസിപ്പിച്ച എഞ്ചിൻ
ഷാസിക്കുപുറമെ എഞ്ചിനും പുതുതായി വികസിപ്പിച്ചതാണ്. 348.36 സിസി, എയർ-കൂൾഡ്, ഫ്യൂവൽ ഇഞ്ചക്ടഡ്, സിംഗിൾ സിലിണ്ടർ എഞ്ചിൻ 5,500 ആർപിഎമ്മിൽ 20.8 എച്ച്പിയും, 3,000 ആർപിഎമ്മിൽ 30 എൻഎം ടോർകും വികസിപ്പിക്കും. ലോങ് സ്ട്രോക്ക് എഞ്ചിന് അഞ്ച് സ്പീഡ് ഗിയർബോക്സാണ് നൽകിയിരിക്കുന്നത്. ഇൗ വിഭാഗത്തിലെ മറ്റ് ൈബക്കുകളുമായി താരതമ്യപ്പെടുത്തിയാൽ കരുത്തും ടോർകും കൂടുതലാണെന്ന് കാണാം. വലിയ ബോറുള്ള, എയർ-കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചിനുകളുടെ പ്രശ്നം അതിെൻറ വിറയലാണ്. ഇത് പരിഹരിക്കാൻ ബാലൻസിങ് ഷാഫ്റ്റുകൾ ഉപയോഗിച്ചിട്ടുണ്ടെന്ന് ഹോണ്ട പറയുന്നു. നിലവിൽ, ബിഎസ് 6 ബെനെല്ലി ഇംപീരിയോലെയാണ് ഇൗ വിഭാഗത്തിലെ ഏറ്റവും മികച്ച വാഹനം. ഇതിനോടൊപ്പം ഹോണ്ട എത്തുമൊ എന്നത് കണ്ടറിയേണ്ടതുണ്ട്.
പുത്തൻ സവിശേഷതകൾ
ഹോണ്ട ഹൈനസിൽ എതിരാളികൾക്കില്ലാത്ത ചില സവിശേഷതകളുണ്ട്. സ്ലിപ്പർ ക്ലച്ച്, എൽഇഡി ലൈറ്റുകൾ, എഞ്ചിൻ കട്ട്-ഓഫ്, സൈഡ് സ്റ്റാൻഡ് ഇൻഡിക്കേറ്റർ എന്നിവ ഇതിൽ ചിലതാണ്. ഹോണ്ട സെലക്ടബിൾ ടോർക് കൺട്രോൾ (എച്ച്എസ്ടിസി), ഹോണ്ട സ്മാർട്ട്ഫോൺ വോയ്‌സ് കൺട്രോൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. മുന്നിലും പിന്നിലുമുള്ള ചക്രങ്ങളുടെ വേഗതയിലെ വ്യത്യാസം കണ്ടെത്തുകയും സ്ലിപ്പ് അനുപാതം കണക്കാക്കി എഞ്ചിൻ ടോർക് ക്രമീകരിക്കുകയും ചെയ്യുന്ന സംവിധാനമാണ് എച്ച്എസ്ടിസി. ഒരു സ്വിച്ച് ഉപയോഗിച്ച് എച്ച്എസ്ടിസി ഓൺ / ഓഫ് ചെയ്യാം. ഉയർന്ന ഡിഎൽഎക്സ് പ്രോ വേരിയൻറിൽ മാത്രമാണിത് ലഭ്യമാവുക. സ്മാർട്ട്ഫോൺ കണക്റ്റ് ചെയ്‌ത് ഫോൺ കോളുകൾ, നാവിഗേഷൻ, മ്യൂസിക് പ്ലേബാക്ക്, ഇൻകമിംഗ് സന്ദേശങ്ങൾ എന്നിവ ആക്‌സസ് ചെയ്യുന്നതിന് സഹായിക്കുന്ന സംവിധാനവുമുണ്ട്. ഭാഗികമായി ഡിജിറ്റലായ ഇൻസ്ട്രുമെൻറ് സ്‌ക്രീനിൽ വിവരങ്ങൾ പ്രദർശിപ്പിക്കുന്നതിനൊപ്പം ഹെൽമെറ്റിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന ബ്ലൂടൂത്ത് സ്പീക്കറുകൾ വഴി ആശയവിനിമയം നടത്താനുമാകും.
വിലക്കുറവ്
ഹൈനസ് വില ഇനിയും പ്രഖ്യാപിച്ചിട്ടില്ല. 1.9 ലക്ഷം മുതൽ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. രണ്ട് ലക്ഷം രൂപയെന്നത് മികച്ച വിലയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. റോയൽ എൻഫീൽഡ് ക്ലാസിക് 350 (1.78 ലക്ഷം ) ബെനെല്ലി ഇംപീരിയൽ 400 (1.99 ലക്ഷം), ജാവ 42 (1.69-1.74 ലക്ഷം ) എന്നിവയോട് കിടപിടിക്കാൻ ഇൗ വിലയിലൂെട സാധിക്കും. എന്നാൽ ഹൈനസിെൻറ ഏറ്റവും വലിയ എതിരാളിപുറത്തിറങ്ങാനിരിക്കുന്ന റോയൽ എൻഫീൽഡ് മെറ്റിയർ 350 ആണ്. മെറ്റിയർ 350 പുതിയ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. മെറ്റിയറിെൻറ 350 സിസി എഞ്ചിൻ 20.5 എച്ച്പിയും 27 എൻഎമ്മും ഉത്പാദിപ്പിക്കുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.